Writer - രാഗേന്ദു പി.ആർ
Web Journalist
'ഫര്‍ഹാന്‍... നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്‍സ്റ്റഗ്രാമില്‍ വന്ന ഒരു റാന്‍ഡം മെസേജിലൂടെയാണ് ഫര്‍ഹാനെ ഞാന്‍ പരിചയപ്പെടുന്നത്. ഒരിക്കല്‍ അവന്‍ എന്നോട് ചോദിച്ചു. ബ്രോയുടെ കൂടെ ഞാനും വന്നോട്ടെ എന്ന്? ഞാന്‍ പറഞ്ഞത് ഒരേയൊരു വാക്കായിരുന്നു, വാ...' യൂട്യൂബറും ഫര്‍ഹാന്റെ അടുത്ത സുഹൃത്തുമായ ഉബൈദ് പറയുന്നു.
21-കാരനായ ഫര്‍ഹാന്റേത് അപ്രതീക്ഷിതമായ വിയോഗമായിരുന്നു. എറണാകുളം കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാര്‍ക്കില്‍ മരിച്ച നിലയില്‍ ഫര്‍ഹാനെ കണ്ടെത്തുകയായിരുന്നു. പാര്‍ക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയില്‍ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. പെരുമ്പാവൂര്‍ സ്വദേശിയായ ഫര്‍ഹാന്‍ ഉബൈദിന്റെ ക്യാമറാമാന്‍ ആയിരുന്നു.
ഏകദേശം ഒന്നര വര്‍ഷത്തോളം തന്റെ കൂടെയുണ്ടായിരുന്ന വ്യക്തിയായിരുന്നു ഫര്‍ഹാനെന്നും ഉബൈദ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എവിടെ പോയാലും തന്റെ കൂടെ എല്ലാ യാത്രകളിലും സന്തോഷങ്ങളിലും തിരക്കുകളിലും ഒരു നിഴല്‍ പോലെ അവനുണ്ടായിരുന്നു.
തനിക്ക് അവനൊരു ക്യാമറാമാന്‍ മാത്രമായിരുന്നില്ല. നല്ലൊരു സുഹൃത്തായിരുന്നു. സൗഹൃദം എന്താണെന്ന് ശരിക്കും മനസ്സിലാക്കിത്തന്ന ഒരാളായിരുന്നു. ഒന്നും എന്നോട് ആവശ്യപ്പെടില്ല. എന്തെങ്കിലും കൊടുത്താല്‍ ഒരു പരാതിയും പറയില്ല. എപ്പോഴും വിളിക്കും. മച്ചാ, എവിടെയാ? മച്ചാ, എവിടെയാ? എന്നും ഉബൈദ് ഓര്‍ത്തെടുത്തു.
എവിടെ പോയാലും തന്റെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല. പിന്നെ അവനെ കാണുന്നത് ഇങ്ങനെയൊരു അവസ്ഥയിലാണെന്നും ഉബൈദ് കൂട്ടിച്ചേര്‍ത്തു, സത്യം അറിയുന്നതുവരെ അവന്റെ കുടുംബത്തോടൊപ്പം ഉണ്ടാകും. ജീവിതകാലം മുഴുവന്‍ ഫര്‍ഹാന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കുമൊപ്പം ഒരു മകനായി കൂടെയുണ്ടാകുമെന്നും ഉബൈദ് പറഞ്ഞു.