അഴിമതിക്കേസില്‍ ഒടുവില്‍ നടപടി; ഡിഐജി വിനോദ്കുമാറിന് സസ്‌പെന്‍ഷന്‍

ടിപി വധക്കേസിലെ പ്രതികൾക്കടക്കം ജയിലിൽ ഇയാള്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു

Update: 2025-12-23 16:04 GMT

തിരുവനന്തപുരം: അഴിമതിക്കേസില്‍ പ്രതിയായ ഡിഐജി വിനോദ്കുമാറിനെതിരെ ഒടുവില്‍ നടപടി. ജയിലില്‍ പ്രതികള്‍ക്ക് സുഖസൗകര്യമൊരുക്കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ടി.പി വധക്കേസിലെ പ്രതികള്‍ക്കടക്കം ഇയാള്‍ സൗകര്യം ചെയ്തുകൊടുത്തിരുന്നു. സര്‍വീസില്‍ നാല് മാസം മാത്രം ബാക്കിനില്‍ക്കെയാണ് സസ്‌പെന്‍ഷന്‍. അന്വേഷണം തീരുന്നത് വരെയാണ് സസ്‌പെന്‍ഷന്‍.

ജയില്‍ ഹെഡ് ക്വാട്ടേഴ്‌സ് ഡിഐജി മറ്റു ജില്ലകളിലെ ജയിലുകളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ മുന്‍കൂര്‍ അനുമതി തേടേണ്ടതുണ്ട്. എന്നാല്‍ യാതൊരു അനുമതിയും ഇല്ലാതെയാണ് വിനോദ് കുമാര്‍ കോട്ടയം , മൂവാറ്റുപുഴ, പൊന്‍കുന്നം തുടങ്ങിയ ജയിലുകളില്‍ സന്ദര്‍ശനം നടത്തിയത്. 1 മണിക്കൂര്‍ വരെ ജയിലുകളിലെ സന്ദര്‍ശനം നീളുകയും ചെയ്തു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് വിനോദ് കുമാറിന്റെ ജയിലുകളിലെ സന്ദര്‍ശനം.

Advertising
Advertising

പരോളിനായി കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയാണ് തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് വിനോദ് കുമാര്‍ പണം വാങ്ങുകയും ചെയ്തിട്ടുള്ളത്. പണം വാങ്ങിയതിനു ശേഷം തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിയതിന്റെ ഭാഗമായിട്ടാണ് നിയമവിരുദ്ധമായ ഈ സന്ദര്‍ശനം എന്നാണ് ആരോപണം ഉയരുന്നത്. ജയില്‍ വകുപ്പ് മധ്യമേഖല ഡിഐജി സംസ്ഥാന ജയില്‍ വകുപ്പ് മേധാവിക്ക് നിരവധിതവണ ഇതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും യാതൊരു തരത്തിലുമുള്ള നടപടിയും ഉണ്ടായില്ല. വിനോദ് കുമാറിന് സംരക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി സ്വീകരിക്കാത്തതെന്നാണ് വിമര്‍ശനം ഉയരുന്നത്.

തടവുകാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനും പരോള്‍ അനുവദിക്കുന്നതിനും ഇവരുടെ ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ് പണം സ്വീകരിച്ചിരുന്നത്. കൂടുതല്‍ പേരില്‍ നിന്ന് പണം സ്വീകരിച്ചിട്ടുണ്ടോയെന്ന് വിജിലന്‍സിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് വിനോദ് കുമാറിന്റെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് വിജിലന്‍സിന്റെ അന്വേഷണം. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സംവാദനത്തെക്കുറിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിനോദ് കുമാര്‍ വാങ്ങിയ വസ്തുവകകളുടെ വിവരങ്ങള്‍ വിജിലന്‍സ് പരിശോധിച്ചുവരികയാണ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News