പ്രവാസി ക്ഷേമ ബോർഡിൽ സാമ്പത്തിക തട്ടിപ്പ്; പൊലീസ് കേസെടുത്തു

വ്യാജ രേഖകൾ ഉണ്ടാക്കി ക്ഷേമനിധി വക മാറ്റിയതിനാണ് കേസ്

Update: 2023-01-31 08:07 GMT

Expatriate Welfare Board

Advertising

തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി ബോർഡിൽ 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ്. ബോർഡിന്‍റെ സോഫ്റ്റ്‌വെയർ ദുരുപയോഗം ചെയ്താണ് ജീവനക്കാരിയായ ലിനി അനർഹരായവരെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പ്രവാസികളുടെ പണം നഷ്ടപ്പെടില്ലെന്ന് സിഇഒ, എം രാധാകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു.

 കേരള പ്രവാസി വെൽഫെയർ ബോർഡ് വിവിധ പദ്ധതികളിൽ അംഗങ്ങളായവരുടെ unique ഐഡി മാറ്റാതെ ബാങ്ക് അക്കൗണ്ട് നമ്പര്‍ ഉൾപ്പെടെയുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്താണ് ലിനി തട്ടിപ്പ് നടത്തിയത്. ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹതയുള്ളവർക് പകരം അനർഹരായവരുടെ മേൽവിലാസവും ബാങ്ക് അക്കൗണ്ട് നമ്പറും സോഫ്റ്റ്‌വെയറിൽ ലിനി അപ്ഡേറ്റ് ചെയ്തു.

ആനുകൂല്യം ലഭിച്ചിരുന്ന പ്രവാസി മരിച്ചതിനെ തുടർന്ന് മരണാനന്തര സഹായത്തിനായി ഇയാളുടെ ബന്ധുക്കൾ കേരള പ്രവാസി വെൽഫെയർ ബോർഡ് ഓഫീസിൽ എത്തിയപ്പോഴാണ് തട്ടിപ്പ് വിവരം ബോർഡ് അറിയുന്നത്. സോഫ്റ്റ്‌വെയർ തകരാണെന്ന് കരുതി ബോർഡ് കെൽട്രോണിനോട് വിശദീകരണം ചോദിച്ചു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സോഫ്റ്റ്‌വെയറിൽ തെറ്റായി വിവരങ്ങൾ നൽകി ലിനി നടത്തിയ തട്ടിപ്പ് പുറത്തറിയുന്നത്.

അനഹരായവർക്ക് ആനുകൂല്യം നൽകിയത് വഴി 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം ബോർഡിനുണ്ടായി.തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ ലിനിയെ ബോർഡ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലിനിയിൽ നിന്നും ലിനി വഴി അനർഹരായി ആനുകൂല്യം ലഭിച്ചവരിൽ നിന്നും ബോർഡിനുണ്ടായ നഷ്ടം ഈടാക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് ബോർഡ് സിഇഒ എം രാധാകൃഷ്ണൻ മീഡിയ വണിനോട് പറഞ്ഞു .

ലിനിക്കെതിരെ ബോർഡ് നൽകിയ പരാതിയിൽ കന്‍റോണ്‍മെന്‍റ് പോലീസ് അന്വേഷണം തുടരുകയാണ്. ലിനിക്ക് പുറമെ അനർഹരായി പട്ടികയിൽ കയറിപ്പറ്റി ആനുകൂല്യം നേടിയവർക്കെതിരെയും അന്വേഷണം ഉണ്ടാകും.സേവനങ്ങള്‍ ഓണ്‍ലൈനാക്കി തട്ടിപ്പ് ഇല്ലാതാക്കാനാണ് ബോർഡിന്റെ തീരുമാനം..

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News