ശ്രീനിവാസന്റെ കൊല രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്.ഐ.ആർ

പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള പ്രതികാരമെന്നും റിപ്പോര്‍ട്ട്

Update: 2022-04-17 05:09 GMT
Editor : ലിസി. പി | By : Web Desk

പാലക്കാട്: ആർ.എസ്.എസ് മുൻ ശീരീരിക് ശിക്ഷണൻ പ്രമുഖ് എസ്.കെ.ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രീയവൈരാഗ്യം മൂലമാണെന്ന് എഫ്.ഐ.ആർ. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിലുള്ള പ്രതികാരമായിട്ടാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

വിഷുദിവസത്തിലാണ് എലപ്പുള്ളിയിൽ വെച്ച് പോപ്പുലർ ഫ്രണ്ട് നേതാവ്  സുബൈർ കൊല്ലപ്പെടുന്നത്. അതിന് തൊട്ടടുത്ത ദിവസം തന്നെ പാലക്കാട് നഗരത്തിൽ പട്ടാപ്പകൽ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. അതേ സമയം കൊലയാളികൾ ശ്രീനിവാസനെ ലക്ഷ്യം വെച്ചല്ല സംഘം വന്നതെന്നും എളുപ്പത്തിൽ കൊല നടത്താനായാണ് ശ്രീനിവാസനെ തെരഞ്ഞെടുത്തതെന്നും പൊലീസ് പറയുന്നു.

Advertising
Advertising

പാലക്കാട് നഗരത്തിലും, പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. മൂന്ന് ബൈക്കുകളിലായാണ് കൊലയാളികൾ എത്തിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ഇന്നലെ പുറത്ത് വന്നിരുന്നു. ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ കർശന പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 

ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ ജില്ല ആശുപത്രിയിൽ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാവിലെ 11 മണിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും.തുടർന്ന് വിലാപയാത്രയായി പാലക്കാട്-കണ്ണകി നഗറിലേക്ക് കൊണ്ടുപോകും. കണ്ണകിയമ്മൻ ഹൈസ്‌കൂളിൽ പൊതുദർശന നടക്കുക.ശേഷം പാലക്കാട്- കറുകോടി സ്മശാനത്തിൽ സംസ്‌കാരം നടക്കും.


പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു കൊലപാതകം

ആര്‍.എസ്.എസ് മുൻ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ ശ്രീനിവാസനെ അക്രമി സംഘം ഇന്നലെ കടയില്‍ കയറി വെട്ടുകയായിരുന്നു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് എസ്.കെ.എസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽ കയറി ആറംഗ സംഘം ശ്രീനിവാസനെ വെട്ടിയത്. ഉപയോഗിച്ച ബൈക്കുകള്‍ വില്‍ക്കുന്ന ഷോറൂം നടത്തുകയായിരുന്നു ശ്രീനിവാസൻ. മൂന്ന് ഇരുചക്ര വാഹനങ്ങളിൽ എത്തിയ ആറു പേരാണ് കൊലപാതകം നടത്തിയത്. പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കേയായിരുന്നു കൊലപാതകം. ശ്രീനിവാസന്‍റെ തലയ്ക്കും നെറ്റിയിലുമാണ് വെട്ടേറ്റതെന്ന് ദൃക്സാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർ.എസ്.എസ് പ്രവർത്തകന്‍ കൊല്ലപ്പെട്ടത്. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ശ്രീനിവാസന് ജീവനുണ്ടായിരുന്നു. വെന്‍റിലേറ്ററിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്

ഒരു ബൈക്കിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു

 ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘമെത്തിയ മൂന്ന് ബൈക്കുകളില്‍ ഒരു ബൈക്കിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു. ഒരു സ്ത്രീയുടെ പേരിലാണ് ബൈക്ക്. ഇവർ വായ്പയെടുക്കാനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് നീക്കം തുടങ്ങി.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് പ്രതികളെ കുറിച്ച് വിവരം ലഭിച്ചെന്നാണ് സൂചന. പാലക്കാട് നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിച്ചവരാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക വിവരം. 10 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. ആക്രമണമോ പ്രത്യാക്രമണമോ ഉണ്ടാവാതിരിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തത്.

Full View

പ്രത്യേക സംഘം അന്വേഷിക്കും

ശ്രീനിവാസന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. നാർക്കോട്ടിക് ഡിവൈഎസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സുരക്ഷയ്ക്കായി തമിഴ്നാട് പൊലീസും പാലക്കാട്ടെത്തും. തമിഴ്നാട് സ്പെഷ്യൽ പൊലീസിലെ 150 പേരും ആംഡ് റിസർവ് പൊലീസിലെ 500 പേരും കോയമ്പത്തൂർ സിറ്റി പൊലീസിലെ 240 പേരും പാലക്കാടെത്തും. വാഹന പരിശോധന, ലോഡ്ജുകളിലെ പരിശോധന എന്നിവയ്ക്ക് സഹായിക്കും.

പാലക്കാട് നിരോധാനാജ്ഞ

പാലക്കാട് ജില്ലയിൽ നിരോധാനാജ്ഞ പ്രഖ്യാപിച്ചു. ഈ മാസം 20ആം തിയ്യതി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലാ പൊലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനിടെ ജില്ലയില്‍ രണ്ട് കൊലപാതകങ്ങളുണ്ടായ സാഹചര്യത്തിലാണ് നിരോധനാജ്ഞ. പൊതുസ്ഥലങ്ങളില്‍ അഞ്ചോ അതിലധികമോ പേര്‍ ഒത്തുചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യന്‍ ആംസ് ആക്ട് സെക്ഷന്‍ 4 പ്രകാരം പൊതുസ്ഥലങ്ങളില്‍ വ്യക്തികള്‍ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News