'ആദ്യം ബിസ്‌കറ്റ് തന്നു, പിന്നെ മരുന്ന് കുത്തിവെച്ചു'; വെളിപ്പെടുത്തലുമായി ലഹരിമരുന്ന് മാഫിയയുടെ പിടിയിലായ പെൺകുട്ടി

പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് പെൺകുട്ടിയുടെ ബന്ധുക്കള്‍

Update: 2022-12-07 14:59 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ലഹരിമാഫിയ കാരിയറായി ഉപയോഗിച്ചെന്ന വെളിപ്പെടുത്തൽ നടത്തിയ എട്ടാംക്ലാസുകാരി. വടകര അഴിയൂരിലെ പതിമൂന്നുകാരിയാണ് പ്രദേശത്തെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചും ലഹരിക്കൈമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞത്. പതിവായി ബിസ്‌ക്കറ്റ് നൽകി ഒരു ചേച്ചിയാണ് ആദ്യം ലഹരിനൽകിയതെന്നും പിന്നീട് യുവതിയും ഇവരുടെ ആൺസുഹൃത്തും ചേർന്ന് ലഹരിമരുന്ന് മറ്റൊരിടത്ത് എത്തിക്കാൻ നിർബന്ധിച്ചെന്നുമാണ് എട്ടാംക്ലാസുകാരിയുടെ വെളിപ്പെടുത്തൽ.

കബഡി കളിക്കുകയായിരുന്ന പതിമൂന്നുകാരിക്ക് കൂടെ കളിക്കുന്ന പെൺകുട്ടി ബിസ്‌കറ്റ് നൽകുകയായിരുന്നു. അറിയാവുന്ന ആളല്ലേ എന്ന് കരുതി താൻ അത് വാങ്ങി കഴിച്ചുവെന്നും തന്നെ പലയിടങ്ങളിലേക്കായി കൊണ്ടുപോയെന്നും പതിമൂന്നുകാരി മീഡിയവണ്ണിനോട് പറഞ്ഞു. ബിസ്‌കറ്റ് നൽകിയ പെൺകുട്ടിയോട് ഇതാര് തന്നു എന്ന് ചോദിച്ചപ്പോൾ ഒരു ചേച്ചി തന്നുവെന്നായിരുന്നു മറുപടി. ലഹരിമരുന്ന് നൽകിയ കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെ സംഘം  ഭീഷണിപ്പെടുത്തുകയും ചെയ്തു. മരുന്ന് നൽകിയപ്പോൾ താൻ ആദ്യം തളർന്നു പോയെന്നും തന്നെ തലശ്ശേരിയിലേക്കാണ് കൊണ്ടുപോയതെന്നും പെൺകുട്ടി വെളിപ്പെടുത്തി.

ലഹരിമരുന്ന് മാഫിയ സംഘം തോക്കുകാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അവിടെയുണ്ടായിരുന്ന കുട്ടികളെ ഉറങ്ങിയ നിലയിൽ കണ്ടിരുന്നുവെന്നും വനിതാ പൊലീസിന് മൊഴി നൽകിയപ്പോൾ അവർ തന്റെ ഭാഗം കേൾക്കാൻ തയ്യാറായില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി. ബിസ്‌ക്കറ്റിനെക്കുറിച്ച് സംശയം തോന്നിയെങ്കിലും അത് ലഹരിവസ്തു ചേർത്ത ബിസ്‌ക്കറ്റാണെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ഒരു ദിവസം ഈ ചേച്ചി സ്‌കൂളിനടുത്തെ ആയുർവേദ ക്ലിനിക്കിനടുത്തെ ഇടവഴിയിലേക്ക് കൂട്ടി കൊണ്ടുപോയി. അവിടെവെച്ച് ചേച്ചി തന്റെ ബോയ്ഫ്രണ്ടാണെന്ന് പറഞ്ഞ് ഒരു ഇക്കാക്കയെ പരിചയപ്പെടുത്തി. ആ ഇക്കാക്കയാണ് മൂക്കിലേക്ക് വെളുത്തപൊടി അടിച്ചുതന്നത്. പിന്നീട് ഇത് പലദിവസങ്ങളിലും ആവർത്തിച്ചുവെന്നും പെൺകുട്ടി പറയുന്നു.

''രണ്ടാഴ്ച മുമ്പ് ഒരു ചെറിയ കുപ്പിയിൽ ഒരു സാധനം കാണിച്ചു. ഒരു പൊതി തരാം അത് തലശ്ശേരി എത്തിക്കണം, കൊണ്ടുപോയില്ലെങ്കിൽ കുപ്പിയിലുള്ള വസ്തു ശരീരത്തിൽ ഒഴിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ഭയന്നാണ് സാധനം കൊണ്ടു പോകാൻ തയ്യാറായത്. കൂട്ടുകാരുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയത്. തുടർന്ന് കൂട്ടൂകാർക്കൊപ്പം അഴിയൂരിൽനിന്ന് ബസ്സിൽ തലശ്ശേരിയിലേക്ക് പോയി. തലശ്ശേരിയിലെ മാളിൽവെച്ചാണ് സാധനം കൈമാറിയത്. പോകുന്നതിന് മുമ്പ് ഇക്കാക്ക എന്റെ കാലിൽ ഒരു ഗുണനചിഹ്നം വരച്ചിരുന്നു അതേ അടയാളവുമായി എത്തുന്ന ആൾക്ക് കൊടുക്കണം എന്നാണ് പറഞ്ഞത്. അവിടെ എത്തിയപ്പോൾ കാലിലെ ചിഹ്നം കണ്ട് ഒരു ചേട്ടൻ വന്നു. അതേ അടയാളം അയാളുടെ ദേഹത്തുമുണ്ടായിരുന്നു. സാധനം വാങ്ങി ആ ചേട്ടൻ പോയി. പിന്നീട് താൻ കൂട്ടുകാരോടൊപ്പം തിരിച്ചുപോന്നു''- പെൺകുട്ടി പറഞ്ഞു.

ഒരു കട്ടയും പൊടിയുമാണ് തന്റെ കൈയിൽ കൊടുത്തുവിട്ട പാക്കറ്റിൽ ഉണ്ടായിരുന്നതെന്നാണ് പെൺകുട്ടി പറയുന്നത്. തന്റെ സ്‌കൂളിലെ കുറേ കുട്ടികൾ ഇതേ സാധനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും സാധനം എത്തിച്ചുനൽകുന്ന ചേച്ചിയുടേയോ ചേട്ടന്റെയോ ഫോൺ നമ്പർ അറിയില്ലെന്നും കുട്ടി പറയുന്നു. നാല് കുട്ടികൾ സ്‌കൂളിലെ ശൗചാലയത്തിൽ കയറിയ ശേഷം ഇറങ്ങാൻ വൈകുകയും തിരിച്ചിറങ്ങുമ്പോൾ ഉടുപ്പ് മുഴുവൻ നനയുകയും ചെയ്തതിൽ അധ്യാപകർക്ക് സംശയം തോന്നിയിരുന്നു. അധ്യാപകർ പിന്നീട് ഇവരുടെ വീട്ടുകാരെ വിളിച്ച് കാര്യമറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് പെൺകുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

പെൺകുട്ടിയുടെ തുറന്നുപറച്ചിലിന് പിന്നാലെ വീട്ടുകാർ ചോമ്പാല പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പോക്സോ പരാതി മാത്രമാണ് കിട്ടിയതെന്നും ലഹരിമാഫിയയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നുമാണ് ചോമ്പാല പോലീസിന്റെ വിശദീകരണം. പോക്സോ പരാതിയിൽ ഒരു യുവാവിനെ പോലീസ് ചോദ്യംചെയ്തിരുന്നു. എന്നാൽ പെൺകുട്ടി പറഞ്ഞ സമയത്ത് ഇയാൾ സംഭവസ്ഥലത്തുണ്ടായിരുന്നതിന് തെളിവില്ലാത്തതിനാൽ ചോദ്യംചെയ്ത് വിട്ടയക്കുകയായിരുന്നു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News