പാലക്കാട് ആൾക്കൂട്ടക്കൊല: വംശീയ വിദ്വേഷത്തിൻ്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രം- ഫ്രറ്റേണിറ്റി
രാമനാരായണൻ ഭയ്യാറിന്റെ കുടുംബത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നിലയുറപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂർ കൂട്ടിച്ചേർത്തു
പാലക്കാട്: വാളയാർ അട്ടപ്പള്ളത്തെ വംശീയ കൊലപാതകം 'പ്രബുദ്ധ' മലയാളിയുടെ വംശീയ വിദ്വേഷത്തിൻ്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. 'നീ ബംഗ്ലാദേശിയാണോടാ' എന്ന ആക്രോശത്തിൽ തന്നെയുണ്ട് ഛത്തിസ്ഗഢ് സ്വദേശിയായ രാമനാരായൻ ഭയ്യാറിൻ്റെ വംശീയ കൊലപാതകത്തിന് പിന്നിലെ സാമൂഹികതയും രാഷ്ട്രീയവും. ഇന്ത്യയിലുടനീളം പൗരത്വം റദ്ദ് ചെയ്യപ്പെട്ട് ആൾക്കൂട്ട മർദനങ്ങൾക്കും ബുൾഡോസർ രാജിനും വിധേയമാകുന്നവർക്ക് നേരെ നിരന്തരം കേൾക്കാറുള്ള അതേ ആക്രോശമാണിത്. ഈ അപരവിദ്വേഷത്തിൻ്റെ ആക്രോശം സോഷ്യൽ മീഡിയകളിലൂടെയും തെരുവിടങ്ങളിലൂടെയും മുഴക്കുന്ന വംശീയ വെറിയന്മാരെ സധൈര്യം അഴിഞ്ഞാടാൻ വിടുന്ന ഭരണകൂടവും പോലീസും കൂടിയാണ് ഈ വംശീയ കൊലപാതകത്തിന് വഴിവെച്ചിരിക്കുന്നത്.
അതിഥി തൊഴിലാളിയായ രാമനാരായൻ ഭയ്യാറിൻ്റെ ദേശവും പേരും അസ്തിത്വവുമെല്ലാം ബംഗ്ലാദേശി എന്ന ഒറ്റ വിളിയിലൂടെ അപ്രസക്തമാക്കപ്പെടുന്നതാണ് ഹിന്ദുത്വ വംശീയവാദത്തിൻ്റെയും ഇസ് ലാമോഫോബിയയുടെയും പ്രഹരശേഷി. ഇലക്ഷൻ രാഷ്ടീയത്തിൽ പോലും ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിനെ നോർമലൈസ് ചെയ്യുന്ന, ബംഗ്ലാദേശി വിളികളിലൂടെ രാജ്യത്ത് അപരവത്കരിക്കപ്പെടുന്ന ശബ്ദങ്ങളെ വീണ്ടും ഭീകരവത്കരിക്കുന്ന ഇടതുപക്ഷത്തിനും ഇതിൽ കൂട്ടായ ഉത്തരവാദിത്തമുണ്ട്.
നിലവിൽ അറസ്റ്റ് ചെയ്യപ്പെട്ടവർ ആർഎസ്എസ് - ബിജെപി പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. മധുവിനെ കൊലപ്പെടുത്തിയവർക്ക് നേരെയുണ്ടായ ഭരണകൂട അനാസ്ഥ രാമനാരായൺ ഭയ്യാറിൻ്റെ കാര്യത്തിൽ ആവർത്തിക്കരുത്. സംഘ്പരിവാറും വലതുപക്ഷ വംശീയതയും മുന്നോട്ടുവെക്കുന്ന സവർണ വംശീയ-തീവ്ര ദേശീയ ബോധങ്ങളെ ഇനിയും കേരളം സഹിക്കരുത് എന്ന ശക്തമായ താക്കീത് കൂടിയാണ് ഈ സംഭവം മുന്നോട്ടുവെക്കുന്നത്. രാമനാരായണൻ ഭയ്യാറിന്റെ കുടുംബത്തിന്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നിലയുറപ്പിക്കുമെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.