സ്വാതന്ത്ര്യ സമര സേനാനികളെ ജാതിയും മതവും നോക്കി വേർതിരിക്കരുത്-എം.പി അബ്ദുസ്സമദ് സമദാനി

ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിൽനിന്ന് മലബാർ സമര രക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കാൻ ഇന്നലെ ചേർന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ജനറൽ കൗൺസിൽ തീരുമാനിച്ചിരുന്നു

Update: 2022-03-28 12:32 GMT
Editor : Shaheer | By : Web Desk

സ്വാതന്ത്ര്യസമര സേനാനികളെ ജാതിയും മതവും നോക്കി വേർതിരിക്കരുതെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.പി അബ്ദുസ്സമദ് സമദാനി എം.പി. സ്വാതന്ത്ര്യസമര നിഘണ്ടുവിൽനിന്ന് മലബാർ സമര നേതാക്കളുടെ പേരുകൾ ഒഴിവാക്കിയത് കേന്ദ്രം നടപ്പാക്കുന്ന വിഭാഗീയതയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ ചരിത്രത്തെ നിഷേധിക്കുന്നതാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ(ഐ.സി.എച്ച്.ആർ) തീരുമാനമെന്ന് സമദാനി കുറ്റപ്പെടുത്തി. അപരത്വനിർമ്മിതിക്ക് വേണ്ടി ചരിത്രത്തെയും സംസ്‌കാരത്തെയും ദുരുപയോഗം ചെയ്യുകയാണ്. സ്വാതന്ത്ര്യ സമരസേനാനികളെ ജാതിയും മതവും നോക്കി വെർതിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertising
Advertising

ഇന്നലെ ചേർന്ന ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ജനറൽ കൗൺസിൽ യോഗത്തിലാണ് രക്തസാക്ഷികളുടെ പേരുകൾ നീക്കം ചെയ്യാൻ തീരുമാനിച്ചത്. വിവരം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ കൈമാറും. മലബാർ സമരരക്തസാക്ഷികളുടെ പേരുകൾ ഒഴിവാക്കിയാവും ഇന്ത്യൻ സ്വാതന്ത്ര്യ സമര നിഘണ്ടുവിന്റെ(1857-1947) അഞ്ചാം വാല്യത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കുക.

ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ രക്തസാക്ഷികളുടെ പേരുകൾ ഉൾപ്പെടുത്തിയാണ് നിഘണ്ടുവിന്റെ അഞ്ചാം ഭാഗമിറങ്ങുക. ഐ.സി.എച്ച്.ആർ ഡയറക്ടർ ഓംജീ ഉപാധ്യായ്, ഐ.സി.എച്ച്.ആർ അംഗവും കോട്ടയം സി.എം.എസ് കോളജ് റിട്ട. പ്രഫസറുമായ സി.ഐ ഐസക്, ഐ.സി.എച്ച്.ആർ അംഗം ഡോ. ഹിമാൻഷു ചതുർവേദി എന്നിവരടങ്ങിയ സമിതി സമർപ്പിച്ച റിപ്പോർട്ടിനാണ് കൗൺസിൽ പൊതുയോഗം അന്തിമാംഗീകാരം നൽകിയത്.

Summary: Freedom fighters should not be segregated by caste and religion, asks MP Abdussamad Samadani

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News