തീപ്പെട്ടിക്കമ്പനിയിൽ നിന്ന് മലയാള സിനിമയുടെ ​ഗോഡ്ഫാദർ പദവിയിലേക്ക്; 500ലേറെ വേഷങ്ങളിൽ നിറഞ്ഞാടിയ ചിരിയുടെ സൂപ്പർമാൻ

അക്കാലത്ത് ദാവൺഗരെയിലുള്ള കേരള സമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ അഭിനയിക്കുകയും കാണികളുടെ കൈയടി നേടുകയും ചെയ്തു.

Update: 2023-03-27 00:59 GMT
Advertising

ഇന്നസെന്റ്- അതൊരു യു​ഗത്തിന്റെ പേരായിരുന്നു. അരനൂറ്റാണ്ട് കാലം ചെയ്ത റോളുകളിലെല്ലാം അസാമാന്യ രീതിയിൽ തിളങ്ങി മലയാളിയുടെ മനസിൽ എന്നുമൊരു കിലുക്കമായി തങ്ങിനിൽക്കുന്ന ഇന്നസെന്റ് നടനും നിർമാതാവും എഴുത്തുകാരനും ​ഗായകനും രാഷ്ട്രീയക്കാരനുമായെല്ലാം ശ്രദ്ധേയനായ വ്യക്തിത്വമാണ്. ജീവിതത്തിൽ നിരവധി കഷ്ടപ്പാടുകൾ താണ്ടിയാണ് നടനാവുക എന്ന തന്റെ സ്വപ്നത്തിന്റെ പൂർത്തീകരണത്തിലേക്ക് ആ ഇരിങ്ങാലക്കുടക്കാരൻ എത്തിയത്.

എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച അദ്ദേഹം അതിനു ശേഷം മദ്രാസിലേക്ക് വണ്ടി കയറി. തുടർന്ന് തന്റെ ബന്ധുക്കളോടൊപ്പം ദാവൺഗരെയിൽ കുറച്ചുകാലം ഒരു തീപ്പെട്ടിക്കമ്പനി നടത്തി. അക്കാലത്ത് ദാവൺഗരെയിലുള്ള കേരള സമാജത്തിന്റെ പ്രോഗ്രാമുകളിൽ അവതരിപ്പിക്കുന്ന നാടകങ്ങളിൽ അഭിനയിക്കുകയും കാണികളുടെ കൈയടി നേടുകയും ചെയ്തു. ഒരു നടനെന്ന നിലയിൽ ആളുകൾ ഇന്നസെന്റിന്റെ കഴിവ് അടയാളപ്പെടുത്തിയ കാലം.

ഇന്നസെന്റ് എന്ന അഭിനാതാവിനെ വാർത്തടുത്തത് ഈ നാടകക്കാലം ആയിരുന്നു. പിന്നീട് സിനിമകളിൽ പ്രൊഡക്ഷൻ എക്സിക്യുട്ടീവായി ജോലി നോക്കി. ആ സമയത്ത് ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തന്റെ സിനിമാഭിനയത്തിന് തുടക്കമിട്ടു. 1972ൽ ഇറങ്ങിയ നൃത്തശാലയായിരുന്നു ഇന്നസെന്റിന്റെ ആദ്യസിനിമ. എ.ബി രാജേഷ് സംവിധാനം ചെയ്ത് ആ സിനിമയിലൊരു പത്ര റിപ്പോർട്ടറുടെ വേഷമായിരുന്നു അദ്ദേഹത്തിന്. തുടർന്ന് ഉർവശി ഭാരതി, ഫുട്ബോൾ ചാമ്പ്യൻ, ജീസസ്, രാമു കാര്യാട്ടിന്റെ നെല്ല് തുടങ്ങിയ ചില സിനിമകളിൽ വേഷമിട്ടു.

തുടർന്ന്, ദാവൺഗരെയിൽ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് തിരികെയെത്തിയ ഇന്നസെന്റ് നാട്ടിൽ ചില ബിസിനസുകൾ ചെയ്യുകയും രാഷ്ട്രീയപ്രവർത്തനത്തിലേക്ക് കാലെടുത്തു വയ്ക്കുകയും ചെയ്തു. 1979 ൽ ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലറായി ഇന്നസെന്റ് തെരഞ്ഞെടുക്കപ്പെട്ടു. അപ്പോഴും ഉള്ളിലെ സിനിമാ മോഹങ്ങൾ അടങ്ങിയിരുന്നില്ല. ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ മുഖം കാണിച്ച ഇന്നസെന്റ് 1986 മുതലാണ് മേഖലയിൽ സജീവമാകാൻ തുടങ്ങിയത്.

1989 ഇന്നസെന്റിന്റെ കരിയറിലെ നാഴികക്കല്ലായ വർഷമാണ്. ആ വർഷമിറങ്ങിയ റാംജിറാവു സ്പീക്കിങ് ആണ് അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. റാംജിറാവുവിലെ മാന്നാർ മത്തായി എന്ന മുഴുനീള കോമഡി-കേന്ദ്ര കഥാപാത്രം വലിയ ജനപ്രീതി നേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. തുടർന്ന് ഗജകേസരി യോഗം, ഗോഡ് ഫാദർ, കിലുക്കം, വിയ്റ്റ്നാം കോളനി, ദേവാസുരം, കാബൂളിവാല... എന്നിങ്ങനെ നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും അവയെല്ലാം പ്രേക്ഷക പ്രീതി നേടുകയും ചെയ്തു.

ഓരോ സിനിമയിലും ചെയ്യുന്ന കോമഡി റോളുകളിൽ ഇന്നസെന്റ് എന്ന നടൻ പുലർത്തുന്ന സവിശേഷമായ ശരീരഭാഷയും സംഭാഷണവും പ്രേക്ഷകർക്ക് ഏറെ രസിച്ചു. കൈയടികൾ ഏറിവന്നു. മലയാളക്കര ആ ശബ്ദത്തെയും നടനത്തേയും ഇരു കൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിന്റെ അഞ്ച് പതിറ്റാണ്ടുകളിൽ പകർന്നാടിയ വേഷങ്ങൾ പലതും മലയാളികളുടെ മനസിലൊരു വിസ്മയായി മായാതെ നിലനിൽക്കുന്നവയാണ്.

അവയിൽ മാന്നാർ മത്തായിയും കിലുക്കത്തിലെ കിട്ടുണ്ണിയും സന്ദേശത്തിലെ യശ്വന്ത് സഹായി ജിയും ദേവാസുരത്തിലെ വാരിയറും കാബൂളിവാലയിലെ കന്നാസും ചെറിയ ലോകവും വലിയ മനുഷ്യരും- സിനിമയിലെ റോക്കിയും  ഡോക്ടർ പശുപതിയും മനസിനക്കരെയിലെ ചാക്കോ മാപ്പിളയും രസതന്ത്രത്തിലെ മണികണ്ഠൻ ആശാരിയും ക്രോണിക് ബാച്ച്ലറിലെ കുരുവിളയും കുടുംബകോടതിയിലെ ഡോ. രാമൻ നായരും ​ഗോഡ്ഫാദറിലെ സ്വാമിനാഥനും വിയറ്റ്നാം കോളനിയിലെ കെ.കെ ജോസഫും ​ഗജകേസരി യോ​ഗത്തിലെ അയ്യപ്പൻ നായരുമൊക്കെ ഉദാഹരണങ്ങൾ മാത്രം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News