മുഖ്യമന്ത്രി ഫോണിൽ വിളിച്ചിട്ടും വഴങ്ങാതെ സുധാകരൻ; അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിച്ചേക്കും

ഇതോടെ ആറ് പതിറ്റാണ്ടായുള്ള സിപിഎമ്മുമായുള്ള ബന്ധം സുധാകരൻ വിച്ഛേദിക്കുമെന്നുറപ്പായി

Update: 2026-03-12 03:12 GMT

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി.സുധാകരന്‍  സ്വതന്ത്രനായി മത്സരിക്കുമെന്നുറപ്പായി. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫോണിൽ വിളിച്ചിട്ടും സുധാകരൻ വഴങ്ങിയില്ല. രാത്രി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ സിപിഎം നേതാക്കളും വീട്ടിലെത്തി സുധാകരനെ കണ്ടിരുന്നു. പിന്നോട്ടില്ലെന്ന നിലപാട് നേതാക്കളെ സുധാകരൻ അറിയിച്ചു. ഇതോടെ ആറ് പതിറ്റാണ്ടായുള്ള സിപിഎമ്മുമായുള്ള ബന്ധം സുധാകരൻ വിച്ഛേദിക്കുമെന്നുറപ്പായി.

അനുനയ നീക്കത്തിന് ശേഷവും മത്സരിക്കാമെന്ന്  ഉറച്ചതോടെ സുധാകരന്‍റെ തുടർനീക്കം നിരീക്ഷിക്കുകയാണ് സിപിഎം. 11 മണിക്കുള്ള വാർത്താസമ്മേളനത്തിന് ശേഷം തുടർ ആലോചനകൾ നടത്തും. മത്സരം പ്രഖ്യാപിച്ചാൽ അപ്പോൾ നോക്കാം എന്ന് സംസ്ഥാന നേതൃത്വം അറിയിച്ചു. 

Advertising
Advertising

അതേസമയം സുധാകരന്‍റെ നിർണായക വാർത്ത സമ്മേളനം ഇന്ന് ഉണ്ടാകും. രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വസതിയിലാണ് വാർത്താസമ്മേളനം. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്നത് അടക്കം നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടാകും.അതിനിടെ അവസാനവട്ട അനുനയ നീക്കത്തിനായി സിപിഎം നേതാക്കൾ എത്തിയെങ്കിലും നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു സുധാകരൻ.

സിപിഎം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങളില്‍ അതൃപ്തി വ്യക്തമാക്കി താനിനി പാർട്ടി മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് സുധാകരൻ അറിയിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ജി.സുധാകരനെ പരിഗണിക്കുന്നുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ഒരു പരിഗണനയും ഇല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മറുപടിയാണ് സുധാകരനെ ചൊടിപ്പിച്ചത്.

1967 ല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് സുധാകരൻ സിപിഎം അംഗമാകുന്നത്. കേരള സ്റ്റുഡന്‍റസ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി, 1971ല്‍ എസ്എഫ്‌ഐ ആദ്യ സംസ്ഥാന പ്രസിഡന്‍റ്, ട്രേഡ് യൂണിയന്‍ നേതാവ്, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

1975 അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നടത്തിയതിന് ജയിലിലായി. 1996 ല്‍ കായംകുളത്ത് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006, 2011, 2016 കാലങ്ങളിൽ അമ്പലപ്പുഴയില്‍ നിന്ന് 3 തവണ എംഎല്‍എയായി.

2006 ല്‍ വിഎസ് മന്ത്രിസഭയിൽ ദേവസ്വം, കയര്‍ സഹകരണ വകുപ്പ് മന്ത്രി, 2016 ല്‍ പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. അഴിമതിയുടെ കറയില്ലാത്ത പ്രതിഛായ, ഉദ്യോഗസ്ഥരെ വരച്ചവരയില്‍ നിര്‍ത്തുന്ന മന്ത്രി, ഉള്ളതുപറയാന്‍ ആരെയും ഭയക്കാത്ത വ്യക്തിത്വം സുധാകരനെക്കുറിച്ചുള്ള വിശേഷണങ്ങൾ നിരവധിയാണ്. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News