സ്വർണത്തിൽ തോർത്ത് മുക്കി, കുളി കഴിഞ്ഞ് വന്നതെന്ന് യാത്രക്കാരൻ; ഒടുവിൽ കസ്റ്റംസിന്റെ വലയിൽ

ദ്രാവക രൂപത്തിലുള്ള സ്വർണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണ്ണം കടത്താനാണ് ശ്രമിച്ചത്

Update: 2022-10-20 13:46 GMT
Editor : banuisahak | By : Web Desk

കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള അനധികൃത സ്വര്‍ണ്ണക്കടത്ത് തടയാന്‍ എയര്‍ കസ്റ്റംസ് നടപടികള്‍ കൂടുതല്‍ ശക്തമാക്കിയതോടെ കസ്റ്റംസിനെ കബളിപ്പിക്കാന്‍ പുതിയ രീതി പരീക്ഷിച്ച യാത്രക്കാരന്‍ കസ്റ്റംസിന്റെ വലയില്‍ കുടുങ്ങി.ഈ മാസം 10ന് ദുബായില്‍ നിന്നും (എസ് ജി 54) സ്‌പൈസ് ജെറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ തൃശ്ശൂര്‍ സ്വദേശിയായ ഫഹദ്(26) ആണ് സ്വര്‍ണ്ണം കടത്താന്‍ പുതിയ രീതി പരീക്ഷിച്ച് കസ്റ്റംസിന്റെ വലയിലായത്.

ദ്രാവക രൂപത്തിലുള്ള സ്വര്‍ണ്ണത്തില്‍ തോര്‍ത്തുകള്‍ (ബാത്ത് ടൗവ്വലുകള്‍) മുക്കിയെടുത്തശേഷം ഇവ നന്നായി പായ്ക്ക് ചെയ്ത് സ്വര്‍ണ്ണം കടത്താനാണ് ഫഹദ് ശ്രമിച്ചത്. എന്നാല്‍,  പരിശോധനയില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിലെ തോര്‍ത്തുകള്‍ക്ക് നനവ് ഉള്ളതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ എയര്‍പോര്‍ട്ടിലേക്ക് പുറപ്പെടും മുന്‍പ് കുളിച്ചതാണെന്നും തോര്‍ത്ത് ഉണങ്ങാന്‍ സമയം ലഭിച്ചില്ലെന്നുമാണ് ഇയാള്‍ മറുപടി നല്‍കിയത്.

Advertising
Advertising

എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇത് വിശ്വസിച്ചില്ല.തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയതോടെ സമാന രീതിയില്‍ കൂടുതൽ തോര്‍ത്തുകള്‍ കണ്ടെത്തി.ഇതോടെയാണ് സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ച പുതിയ മാർഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്.സ്വര്‍ണ്ണത്തില്‍ മുക്കിയ അഞ്ചു തോര്‍ത്തുകളാണ് (ബാത്ത് ടൗവ്വലുകള്‍) എയര്‍ കസ്റ്റംസ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്.

ഈ തോര്‍ത്തുകളില്‍ എത്ര സ്വര്‍ണ്ണം ഉണ്ടാകുമെന്നു കൃത്യമായി പറയാന്‍ കുറച്ചു ദിവസങ്ങള്‍ കൂടിയെടുക്കുമെന്നും ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകള്‍ തുടരുകയാണെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. അതി സങ്കീര്‍ണമായ മാര്‍ഗ്ഗം ഉപയോഗിച്ചാണ് ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നതെന്നും സുരക്ഷാ കാരണങ്ങളാല്‍ ഇത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

ആദ്യമായിട്ടാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം കടത്തുന്നതെന്നും കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ശരീരത്തില്‍ ഒളിപ്പിച്ച് കടത്ത് തുടര്‍ച്ചയായി പിടിക്കപ്പെട്ടപ്പോഴാണ് കള്ളക്കടത്തിന് പിന്നിലുള്ളവര്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.ഇതോടെ ജാഗ്രത കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് കസ്റ്റംസ്. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News