കെ റെയിൽ കല്ലിടൽ നിർത്തിയത് പ്രതിഷേധങ്ങളുടെ വിജയമെന്ന് പ്രതിപക്ഷം; സർവേ നിർത്തിയെന്ന് സമ്മതിക്കാതെ സർക്കാർ

ജനകീയ പ്രതിഷേധത്തിന് മുന്നിൽ സാമൂഹിക ആഘാതപഠനം വഴിമുട്ടിയതോടെയാണ് ബദൽ വഴികൾ സർക്കാർ തേടിയത്. കല്ലിടാതെയും പഠനം ആകാമെങ്കിലും സിൽവർ ലൈൻ സാമൂഹിക ആഘാത പഠനത്തിനായി സർക്കാർ തന്നെ ഇറക്കിയ മുൻ ഉത്തരവുകൾ ഇതിന് തടസ്സമായി.

Update: 2022-05-17 00:47 GMT

തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ നിർത്തിയത് സമരത്തിന്റെ വിജയമാണെന്ന് അവകാശപ്പെട്ട് പ്രതിപക്ഷവും കെ റെയിൽ വിരുദ്ധ സമിതിയും രംഗത്ത് വന്നതോടെ പ്രതിരോധത്തിലായി സർക്കാർ. എന്നാൽ സിൽവർ ലൈൻ കല്ലിടൽ നിർത്തിവെക്കാൻ റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നില്ലെന്നാണ് സർക്കാർ ന്യായീകരണം. കല്ലിടൽ നിർത്തിവെച്ചിട്ടില്ലെന്ന് പറയുമ്പോഴും തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ സർവേക്കായി ഒരിടത്തും കല്ലിടില്ല. പ്രതിഷേധങ്ങളെ മറികടന്ന് മുന്നോട്ട് പോകാൻ ബദൽ മാർഗം സ്വീകരിക്കാൻ അംഗീകാരം നൽകുക മാത്രമാണ് റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്തിലൂടെ ചെയ്തതെന്ന വാദം കെ റെയിലും ഇതിനിടെ മുന്നോട്ട് വെച്ചു.

Advertising
Advertising

ജനകീയ പ്രതിഷേധത്തിന് മുന്നിൽ സാമൂഹിക ആഘാതപഠനം വഴിമുട്ടിയതോടെയാണ് ബദൽ വഴികൾ സർക്കാർ തേടിയത്. കല്ലിടാതെയും പഠനം ആകാമെങ്കിലും സിൽവർ ലൈൻ സാമൂഹിക ആഘാത പഠനത്തിനായി സർക്കാർ തന്നെ ഇറക്കിയ മുൻ ഉത്തരവുകൾ ഇതിന് തടസ്സമായി. അതിനെ മറികടക്കാൻ ലക്ഷ്യമിട്ടാണ് റവന്യു വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ കത്ത്. അതായത് കല്ലിടാതെയും സർവേയും സാമൂഹിക ആഘാതപഠനവും നടത്താൻ സർക്കാർ കെ റെയിലിന് അംഗീകാരം നൽകുന്നുവെന്ന് വരുത്താൻ ഇതിലൂടെ ആയി. തങ്ങൾക്ക് പുതിയ ഒരു വഴി കൂടി തുറന്ന് കിട്ടിയെന്ന കെ റെയിൽ നിലപാടിന് പിന്നിലെ കാരണവും ഇതാണ്. ജി.പി.എസ് സംവിധാനത്തിലൂടെ അതിര് നിർണയിച്ച് അതിവേഗം പഠനം പൂർത്തിയാക്കാനാണ് സർക്കാരിന്റെയും കെ റെയിലിന്റെയും ലക്ഷ്യം. ഇപ്പോൾ തന്നെ വൈകിയെന്ന വിലയിരുത്തലും പുതിയ നീക്കത്തിന് കാരണമായി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വന്നതോടെ കല്ലിടൽ നിർത്തിയെന്ന പ്രചാരണത്തെ മറികടക്കാനും ലക്ഷ്യമിട്ടു. പക്ഷേ കാര്യങ്ങൾ പൂർണമായും സർക്കാർ കണക്ക് കൂട്ടിയത് പോലെ നീങ്ങിയില്ല. ജനകീയ സമരത്തിന്റെ വിജയവും പ്രതിപക്ഷ നിലപാടിനുള്ള അംഗീകാരവുമായി സർക്കാർ തീരുമാനം വ്യാഖ്യാനിക്കപ്പെട്ടു. ഇതിലെ അപകടം തിരിച്ചറിഞ്ഞാണ് കല്ലിടൽ നിർത്താൻ തീരുമാനിച്ചിട്ടില്ലെന്ന വിശദീകരണവുമായി റവന്യു മന്ത്രി തന്നെ നേരിട്ടെത്തിയത്

ഭൂവുടമകൾ അനുവദിക്കുന്നിടത്ത് കല്ലിടൽ തുടരുമെന്ന് കെ റെയിൽ എം.ഡിയും വിശദീകരിച്ചു. എങ്കിലും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിയുംവരെ ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തുന്ന നീക്കങ്ങൾ ഉണ്ടാവില്ല. ജിപിഎസ് സർവേ വഴി അതിര് നിർണയിച്ച് സാമൂഹിക ആഘാതപഠനം ഈ കാലയളവിൽ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും .

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News