സാങ്കേതിക സര്‍വകലാശാല വിസി നിയമനം; സിസ തോമസിനെ പരിഗണിക്കണമെന്ന് സുപ്രിംകോടതിയില്‍ ഗവര്‍ണറുടെ സത്യവാങ്മൂലം

കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം

Update: 2025-12-04 17:20 GMT

ന്യൂഡൽഹി: വിസി നിയമനത്തില്‍ അസാധാരണ നീക്കവുമായി ഗവര്‍ണര്‍. സാങ്കേതിക സര്‍വകലാശാല വിസി ആയി സിസ തോമസിനെ നിയമിക്കണമെന്ന് സുപ്രിംകോടതിയില്‍ ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഡോക്ടര്‍ പ്രിയ ചന്ദ്രനെ ഡിജിറ്റല്‍ സര്‍വകലാശാല വിസി ആയി നിയമിക്കണം. കോടതി നേരത്തെ റദ്ദാക്കിയ പേരാണ് മുഖ്യമന്ത്രി നല്‍കിയതെന്നും മുഖ്യമന്ത്രി മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചുവെന്നും ചാന്‍സ്‌ലര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നീക്കം.

സജി ഗോപിനാഥിന്റെയും എം.എസ് രാജശ്രീയുടെയും പേരുകളായിരുന്നു മുഖ്യമന്ത്രി വിസി നിയമനത്തിനായി നിര്‍ദേശിച്ചിരുന്നതെങ്കിലും രണ്ട് പേരുകളും അവഗണിച്ചുകൊണ്ടാണ് ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ഇരു സര്‍വകലാശാലയ്ക്കുമുള്ള വിസിമാരുടെ പേരുകള്‍ നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി മെറിറ്റ് അട്ടിമറിച്ചുവെന്നാണ് ഇതിന് കാരണമായി ചാന്‍സലര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സിസ തോമസ് സര്‍വകലാശാലയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി തനിക്ക് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നതെന്നും ഗവര്‍ണര്‍ എടുത്തുപറയുന്നുണ്ട്. ഇതിനായി ചില മാധ്യമങ്ങളെ മുഖ്യമന്ത്രി കൂട്ടുപിടിച്ചെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.

Advertising
Advertising

മുഖ്യമന്ത്രി മുന്നോട്ടുവെച്ച രാജശ്രീയുടെ നിയമനം നേരത്തെതന്നെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു. സജി ഗോപിനാഥിനെതിരെയും ഡിജിറ്റല്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ തീരുമാനം വൈകുന്നതില്‍ സുപ്രിംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എത്രയും വേഗം തീരുമാനമെടുക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി നല്‍കുന്ന പട്ടികയില്‍ നിന്നാകണം വിസി നിയമനമെന്ന് അനുശാസിക്കുന്ന സുപ്രിംകോടതി ഉത്തരവിന്റെ പകര്‍പ്പിന് പിന്നാലെ എതിര്‍പ്പുണ്ടെങ്കില്‍ ചാന്‍സിലര്‍ അക്കാര്യം കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News