ഭാരതാംബ ചിത്ര വിവാദം; എക്സിലും മന്ത്രി-ഗവര്‍ണര്‍ പോര്, ഭരണഘടനക്കൊപ്പം നിലകൊള്ളുന്നുവെന്ന് ശിവൻകുട്ടി

ശിവൻകുട്ടിയുടെ ചിത്രം കൂടി ചേർത്തായിരുന്നു ഗവർണറുടെ പോസ്റ്റ്

Update: 2025-06-20 08:07 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: ഭാരതാംബചിത്ര വിവാദത്തിൽ എക്സിലും പോര് തുടർന്ന് മന്ത്രിയും ഗവർണറും. ഭാരതാംബയെ മാറ്റില്ല എന്ന തലക്കെട്ടിൽ ഗവർണറുടെ പോസ്റ്റിന് മറുപടിയുമായി വി.ശിവൻകുട്ടിയെത്തി. ഭരണഘടനക്കൊപ്പം നിലകൊള്ളുന്നു എന്നായിരുന്നു മന്ത്രിയുടെ മറുപടി. ശിവൻകുട്ടിയുടെ ചിത്രം കൂടി ചേർത്തായിരുന്നു ഗവർണറുടെ പോസ്റ്റ്.

രാജ്ഭവനിൽ ഭരണഘടനാ ലംഘനം നടത്തിയത് ഗവർണർ ആണെന്ന് മന്ത്രി പറഞ്ഞു. ഭാരതാംബയുടെ ചിത്രം വയ്ക്കാൻ ഒരു ഭരണഘടനയും പറയുന്നില്ല . തന്‍റെ ഓഫീസിൽ മാർക്സിന്‍റെ പടം വയ്ക്കാൻ കഴിയുമോ. ഇന്ത്യയുടെ അതിർത്തികൾ ഏതെന്ന് പറയാൻ ഗവർണർക്ക് അധികാരമുണ്ടോ എന്നും മന്ത്രി ചോദിച്ചു.

Advertising
Advertising

അതേസമയം അര്‍ലേക്കര്‍ക്കെതിരെ കൂടുതൽ മന്ത്രിമാര്‍ രംഗത്തെത്തി. ഗവർണർ രാജ് ഭവനെ ആർഎസ്എസ് ആശയ പ്രചരണ കേന്ദ്രമാക്കി മാറ്റുകയാണ് മന്ത്രി ആര്‍.ബിന്ദു ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാനാണ് ഇതിന് തുടക്കമിട്ടത്. ആർഎസ്എസ് ബിംബങ്ങൾ ശേഖരിച്ച് വെക്കാനുള്ള ഇടമാക്കി രാജ് ഭവനെ തരം താഴ്ത്തരുത്. അതിന് മുന്നിൽ താണ് വണങ്ങാൻ മന്ത്രിമാരെ നിർബന്ധിക്കരുത്. പ്രോട്ടോക്കോൾ ലംഘനം നടത്തിയത് ഗവർണറാണ്. മന്ത്രി ശിവൻകുട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണെന്നും ബിന്ദു പറഞ്ഞു.

അതേസമയം ഗവർണറെ പൂർവാശ്രമത്തിലെ ബഞ്ച് ഓഫ് തോട്ട്‌സ് അല്ല ഭരണഘടനയാണ് നയിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. മണ്ണും പ്രകൃതിയുമാണ് ഭാരതാംബ. സർക്കാർ- ഗവർണർ ഏറ്റുമുട്ടലിലേക്ക് പോയാൽ ജനങ്ങൾ നേരിടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഗവർണറുമായി ഏറ്റുമുട്ടാൻ സർക്കാരിന് താൽപര്യമില്ലെന്ന് സിപിഎം നേതാവ് തോമസ് ഐസക് വ്യക്തമാക്കി. ബിജെപിയുടെ ചട്ടുകമായി ഗവർണർ മാറുന്നു. ഭരണഘടനയ്ക്ക് മുകളിലല്ല ഒരു പ്രോട്ടോകോളും. ശക്തമായ നിലപാട് തന്നെയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News