ഗവർണറുടെ മാധ്യമവിലക്ക്; വ്യാപക പ്രതിഷേധവുമായി കെ.യു.ഡബ്ല്യു.ജെ

സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി

Update: 2022-11-08 07:44 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഗവർണറുടെ മാധ്യമ വിലക്കിനെതിരെ കേരള പത്രപ്രവർത്തക യൂനിയന്റെ(കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന വ്യാപക പ്രതിഷേധം. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താസമ്മേളനത്തിൽ നിന്ന് മീഡിയവണിനെയും കൈരളിയെയും ഇറക്കിവിട്ടതിനെതിരെയാണ് പ്രതിഷേധം. 

കെ.യു.ഡബ്ല്യു.ജെ  സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഗവർണറുടേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും ജനാധിപത്യ രാജ്യത്തിന് തന്നെ അപമാനകരമാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു.മാധ്യമങ്ങളോട് ഗവർണർ മാപ്പ് പറയണം.ഗവർണർ ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസക്, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഗവർണർ ഫ്യൂഡല്‍ മാടമ്പിയെപ്പോലെയാണ് പെരുമാറുന്നതെന്ന് തോമസ് ഐസക്കും വിമർശിച്ചു.

Advertising
Advertising

കോഴിക്കോട്, തൃശൂർ ജില്ലകളിൽ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.കോഴിക്കോട് പ്രസ് ക്ലബ്ബിന് മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് എം.കെ. രാഘവൻ എം പി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന ഗവർണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്ന് എംപി ആവശ്യപ്പെട്ടു. മുന്‍ എം.എല്‍.എ എ പ്രദീപ് കുമാറും പങ്കെടുത്തു.

കെ.യു.ഡബ്ല്യു.ജെ. മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം പ്രസ് ക്ലബ്ബിൽ നിന്ന് തുടങ്ങിയ പ്രതിഷേധ മാർച്ച് നഗരം ചുറ്റി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ പൊതുയോഗത്തോടെ സമാപിച്ചു. പ്രതിഷേധം നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു . 


പാലക്കാട് പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബിൽ പ്രതിഷേധ യോഗം ചേർന്നു. ജില്ലാ ട്രഷറർ CR ദിനേശ് ഉദ്ഘാടനം ചെയ്തു.

വാർത്താസമ്മേളനത്തിൽനിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ ഗവർണറുടെ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് കെ.യു.ഡബ്ല്യു.ജെ കുറ്റപ്പെടുത്തിയിരുന്നു. ഗവർണർ എന്ന ഭരണഘടനാ പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരളാ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ മെയിൽ അയച്ച് അനുമതി നൽകി പേര് പരിശോധിച്ച് അകത്തുകയറ്റിയ ശേഷമാണ് കൈരളി, മീഡിയവൺ സംഘത്തെ വാർത്താസമ്മേളന ഹാളിൽനിന്ന് ഇറക്കിവിട്ടത്. ബോധപൂർവം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്. വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി ചോദിച്ച് ജയ്ഹിന്ദ് ടി.വി മെയിൽ നൽകിയിരുന്നെങ്കിലും അനുമതി നൽകിയില്ല. വിമർശനങ്ങളോടുള്ള കടുത്ത അസഹിഷ്ണുതയും ജനാധിപത്യ വിരുദ്ധവുമായ നിലപാടും ഗവർണർ ആവർത്തിക്കുകയാണ്. കഴിഞ്ഞ തവണ ഗവർണറുടെ ഭാഗത്തുനിന്ന് ഇത്തരത്തിൽ മാധ്യമവിലക്കുണ്ടായ ഘട്ടത്തിൽതന്നെ ഇത് ആവർത്തിച്ചാൽ ശക്തമായ പ്രതിഷേധത്തിലേക്ക് യൂനിയന് പോകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും കെ.യു.ഡബ്ല്യു.ജെ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News