കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷിക്കാം, നിങ്ങള്‍ക്ക് വോട്ടുപിടിച്ച് തരികയാണ് മുഖ്യമന്ത്രി, എത്ര പേരെയാണ് ദിവസവും പാർട്ടിക്ക് എതിരാക്കുന്നത്: ജി.സുധാകരന്‍

ചെറ്റത്തരം പരാമർശത്തിലൂടെ ഭരണഘടനാ വിരുദ്ധമായ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും ഇങ്ങനെയൊക്കെ സംസാരിക്കാൻ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം നൽകിയതെന്നും സുധാകരൻ ചോദിച്ചു

Update: 2026-03-23 14:45 GMT

ആലപ്പുഴ: ചെറ്റത്തരം പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വിമര്‍ശനവുമായി ജി.സുധാകരന്‍. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണ്. ബിഷപ്പിനെ നികൃഷ്ട ജീവിയെന്നും പ്രേമചന്ദ്രനെ പരനാറിയെന്നും മുഖ്യമന്ത്രി വിളിച്ചെന്നും ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ആരാണ് മുഖ്യമന്ത്രിക്ക് അധികാരം നല്‍കിയതെന്നും സുധാകരന്‍ ചോദിച്ചു.

'ഭരണഘടനാ വിരുദ്ധമായ കാര്യമാണ് മുഖ്യമന്ത്രി പറഞ്ഞത്. ആ സ്ഥാനത്ത് തുടരാന്‍ അദ്ദേഹത്തിന് യോഗ്യതയില്ല. കേസിന് പോയാല്‍ പ്രശ്‌നമാണ്. ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വരെ അദ്ദേഹം വിളിച്ചു. വെളുത്ത് സുമുഖനും നല്ല പാര്‍ലമെന്റേറിയനുമായ പ്രേമചന്ദ്രനെ പരനാറിയെന്നും വിളിക്കുകയുണ്ടായി. ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ആരാണ് അദ്ദേഹത്തിന് അധികാരം നല്‍കിയത്?ഇങ്ങനെയുള്ള ആളുകള്‍ അധികാരത്തില്‍ ഇരുന്നാല്‍ നമ്മുടെ സ്ഥിതിയെന്താണ്? എത്രയെത്ര പേരെയാണ് അദ്ദേഹം പാര്‍ട്ടിക്ക് എതിരാക്കുന്നത്?' സുധാകരന്‍ വിമര്‍ശിച്ചു.

Advertising
Advertising

'എന്തായാലും കോണ്‍ഗ്രസുകാര്‍ക്ക് സന്തോഷിക്കാം. നിങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി പരമാവധി ആളെക്കൂട്ടി തരുന്നുണ്ട്. അദ്ദേഹം നിങ്ങള്‍ക്ക് വോട്ട് പിടിച്ചുതരുന്നുണ്ട്. എന്റെ അച്ഛനും അമ്മയും ഇട്ട പേരാണ് സുധാകരന്‍. അത് മാറ്റി സുധാകുരന്‍ എന്നുവരെ വിളിക്കുകയുണ്ടായി. ബഹുമാന്യനായ മുഖ്യമന്ത്രി അടുത്തിടെ എനിക്ക് പുതിയൊരു പേരിട്ടു, ചെറ്റ. ഏറ്റവും പാവപ്പെട്ടവര്‍ താമസിക്കുന്ന ചെറ്റപ്പുരയില്‍ താമസിക്കുന്നവരെയാണ് ഇതിലൂടെ മുഖ്യമന്ത്രി അപമാനിച്ചത്'. സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടിയുമായി പിണങ്ങി സ്വതന്ത്രനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ വ്യക്തിപരമായി അധിക്ഷേപിച്ച ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെയും സുധാകരന്‍ വിമര്‍ശനമുന്നയിക്കുകയുണ്ടായി. 'കേരളമാകെ അറിയുന്ന, ബഹുമാനിക്കുന്ന യുവനേതാവ് ഡിവൈഎഫ്‌ഐയിലും എസ്എഫ്‌ഐയിലും ഉണ്ടോ? ഒരുകാലത്ത് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പോലും അസൂയ തോന്നിയിരുന്നു. ജി.സുധാകരന്‍ തന്തയ്ക്ക് പിറന്നവനല്ലെന്ന് കള്ളുഷാപ്പില്‍ പോയി ഫേസ്ബുക്കില്‍ എഴുതിയിടുകയാണ്. കൂടി ഏരിയ സെക്രട്ടറിയും വെള്ളമടിച്ച് അവിടെയിരിക്കുകയാണ്. പേര് ഞാന്‍ പറയുന്നില്ല. ഏരിയ സെക്രട്ടറിക്ക് മദ്യമില്ലാതെ ജീവിക്കാനേ വയ്യ'. സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News