'ജയിൽ ജീവിതം ആരെയും തളർത്തിയില്ല; ഭരണകൂടമാണ് തളർന്നത്': പ്രൊ. ഹാനി ബാബു
വിയോജിപ്പ് ഉയർത്തുന്നവരെ തകർക്കുന്ന ഭരണകൂട പദ്ധതിയാണ് ഭീമ കൊറേഗാവ് കേസെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു
കോഴിക്കോട്: ജയിൽ ജീവിതം ആരെയും തളർത്തിയില്ലെന്നും ഭരണകൂടമാണ് തളർന്നതെന്നും ഭീമ കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച ഡൽഹി യൂണിവേഴ്‌സിറ്റി മുൻ പ്രൊഫസർ ഹാനി ബാബു. വിയോജിപ്പ് ഉയർത്തുന്നവരെ തകർക്കുന്ന ഭരണകൂട പദ്ധതിയാണ് ഭീമ കൊറേഗാവ് കേസ്. സ്റ്റാൻ സ്വാമിയെ ആദ്യമായി കാണുന്നത് ജയിലിൽ വെച്ചാണെന്നും ഹാനി ബാബു മീഡിയവണിനോട് പറഞ്ഞു.
ഇത്രയും പ്രായത്തിലും സ്റ്റാൻ സ്വാമി ഊർജ്ജസ്വലനായിരുന്നു. എല്ലാവരോടും അദ്ദേഹം നന്നായിട്ടാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.
പരമാവതി തകർക്കാനും ജയിലിലടക്കാനുമാണ് ഭരണകൂടത്തിൻ്റെ ശ്രമം. ജാമ്യം കിട്ടാൻ ഇനിയും മൂന്നുപേർ ബാക്കിയുണ്ട്. ശാരീരിക പ്രശ്നങ്ങൾ ഉൾപ്പെടെ പല ബുദ്ധിമുട്ടുകളുണ്ടായി.
ജയിലിൽ അടക്കപ്പെട്ടാൽ എല്ലാ തകർന്നു എന്ന ചിന്തയില്ലാതെയാകണമെന്നും അദ്ദേഹം പറഞ്ഞു. പുറത്തുനിന്ന് ആളുകളുടെ പിന്തുണയുണ്ടാണം. നമ്മൾ ഇതുകൊണ്ടൊന്നും തകരില്ല എന്ന് കാണിക്കുന്നതാണ് ഭരണകൂടത്തോട് ചെയ്യാൻ കഴിയുന്ന വലിയ പ്രതികരണം. തങ്ങൾ നിരപരാധികളാണെന്നും രാഷ്ട്രീയപരമായ കേസാണെന്ന് ജയിൽ ഉദ്യോഗസ്ഥർ തന്നെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
എൻഐഎ കേസ് ഏറ്റെടുത്ത ശേഷം അറസ്റ്റിനായി തയാറെടുത്തിരുന്നു. എത്രകാലം വേണമെങ്കിലും ജയിലിൽ തുടരേണ്ടിവരുമെന്ന ധാരണ ഉണ്ടായിരുന്നു. നിങ്ങളുടെ പത്ത് കൊല്ലം പോയെന്നാണ് അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ പറഞ്ഞത്. ജയിൽ ജീവിതം തന്നെ വിശ്വാസിയാക്കി മാറ്റിയെന്നും ഹാനി ബാബു പറഞ്ഞു. വായിക്കാനും എഴുതാനും ഇഷ്ടംപോലെ സമയം ലഭിച്ചു. പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.