'ഹരിത'യുടെ പരാതിയില്‍ നടപടി; എം.എസ്.എഫ് നേതാക്കളെ സസ്പെന്‍ഡ് ചെയ്യും

പ്രശ്നപരിഹാരത്തിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിലപാടിലുറച്ച് ഹരിത നേതാക്കള്‍.

Update: 2021-08-26 03:01 GMT
Editor : Suhail | By : Web Desk

ഹരിത നേതാക്കളുടെ പരാതിയില്‍ എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി. ആരോപണവിധേയരായ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പടെയുള്ള നേതാക്കളെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനമായി.

പ്രശ്‌നപരിഹാരത്തിനായി മുസ്‍ലിം ലീഗ് വിളിച്ച യോഗത്തില്‍ ഹരിത വിഭാഗവും പി.കെ നവാസ് പക്ഷവും നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നും, കുറ്റക്കാര്‍ മാപ്പു പറയണമെന്നും ഹരിത ആവശ്യപ്പെട്ടു. പ്രശ്‌നം നീട്ടികൊണ്ടു പോകാന്‍ സാധിക്കില്ലെന്നും ഉടന്‍ പരിഹാരമുണ്ടാക്കി എല്ലാം അവസാനിപ്പിക്കണമെന്ന് ലീഗ് നേതൃത്വവും നിലപാട് എടുക്കുകയായിരുന്നു.

Advertising
Advertising

ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. മാപ്പു പറയുന്നതില്‍ തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച പി.കെ നവാസ്, നേതൃത്വം മുന്നോട്ടുവെക്കുന്ന ആവശ്യം അംഗീകരിക്കുമെന്ന് പിന്നീട് വ്യക്തമാക്കുകയായിരുന്നു.

തുടര്‍ന്ന് ആരോപണവിധേയരായ പികെ നവാസ്, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജില്ലാ ജനറല്‍ സെക്രട്ടറി വിഎ അബ്ദുല്‍ വഹാബ് എന്നിവരെ രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ഹരിത നേതാവ് ഫാത്തിമ തഹ്‍ലിയക്ക് എതിരെ നടപടിയെടുക്കുന്നത് അംഗീകരിക്കില്ലെന്ന് പറഞ്ഞ ഹരിത നേതാക്കള്‍, വിഷയത്തില്‍ ലീഗ് നേതൃത്വത്തിന്‍റെ ഉറപ്പും നേടിയെടുത്തു. 

നടപടിയെടുത്താല്‍ വനിത കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഹരിതയോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. വിവാദങ്ങളെ തുടര്‍ന്ന് ഹരിത കമ്മിറ്റി, നേതൃത്വം മരവിപ്പിച്ചിരുന്നു. കേസ് അവസാനിക്കുന്നതോടെ നിലവിലുള്ള കമ്മിറ്റിയില്‍ പുതിയ ഭാരവാഹികളെ ഉള്‍പ്പെടുത്താനും തീരുമാനമായി.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News