ഹർഷദിനെ തട്ടിക്കൊണ്ടുപോയത് പത്തംഗ സംഘം; രണ്ടു പേർ കസ്റ്റഡിയിൽ, കാർ കണ്ടെത്തി

മൂഴിക്കൽ സ്വദേശി ഹർഷദിനെ ശനിയാഴ്ച രാത്രി അടിവാരത്ത് വെച്ചാണ് കാണാതാകുന്നത്

Update: 2024-07-16 09:13 GMT

കോഴിക്കോട്: താമരശ്ശേരി അടിവാരത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ കസ്റ്റഡിയിൽ. ഇവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല. പ്രതികളുടേതെന്ന് കരുതുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂഴിക്കൽ സ്വദേശി ഹർഷദിനെ ശനിയാഴ്ച രാത്രി അടിവാരത്ത് വെച്ചാണ് കാണാതാകുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 അംഗ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങുകയും ചെയ്തു. ഈ അന്വേഷണം നടക്കവേയാണ് ഇന്നലെ ഹർഷാദിനെ കണ്ടെത്തുന്നത്.

മോചനദ്രവ്യം ആവശ്യപ്പെട്ടാണ് സംഘം ഹർഷദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവർ ഹർഷദിനെക്കൊണ്ട് വീട്ടിലേക്ക് വിളിപ്പിച്ചിരുന്നു. ഈ കോൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ടവർ ലൊക്കേഷൻ അനുസരിച്ച് പൊലീസ് വൈത്തിരിയിൽ എത്തും എന്നറിഞ്ഞ സംഘം ഇവിടെ റിസോർട്ടിൽ താമസിപ്പിച്ചിരുന്ന ഹർഷദിനെ വൈത്തിരി ടൗണിൽ കൊണ്ടുവിടുകയായിരുന്നു.

Advertising
Advertising
Full View

തുടർന്ന് വൈത്തിരിയിൽ നിന്ന് ഹർഷാദ് ബസിൽ കയറി അടിവാരത്തെത്തി. ഇവിടെ നിന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനകൾക്കടക്കം വിധേയനാക്കുകയും ചെയ്തു. ഇന്ന് ഹർഷദിനെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ഇതിന് ശേഷമാകും ബന്ധുക്കൾക്കൊപ്പം അയയ്ക്കുക. ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News