ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വാങ്ങുന്നതിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ കമന്‍റ്: കേസ് റദ്ദാക്കി ഹൈക്കോടതി

അത്തരം വിമർശനങ്ങൾക്ക് ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

Update: 2025-08-14 04:09 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: സർക്കാറിനെതിരെ വിമർശനം ഉന്നയിക്കുന്നതിന് ക്രിമിനൽ കേസെടുക്കുന്ന നടപടി ഭരണഘടന നൽകുന്ന സ്വതന്ത്ര അഭിപ്രായപ്രകടനത്തിനുള്ള അവകാശലംഘനമെന്ന് കോടതി വിലയിരുത്തി. നിയമത്തിനുള്ളിൽ നിന്ന് വിമർശനമുന്നയിക്കാൻ പൗരന് സ്വതന്ത്രമുണ്ട്. അത്തരം വിമർശനങ്ങൾക്ക് ക്രിമിനൽ കേസെടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നൽകുന്നത് സൂക്ഷിച്ച് വേണമെന്നതാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം കാസർകോട് സ്വദേശികൾക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. കലാപ ആഹ്വാനത്തിനും, ദുരന്തനിവാരണ നിയമ ലംഘനത്തിനുമുള്ള വകുപ്പുകൾ ചുമത്തിയത്.

ചുമത്തിയ വകുപ്പുകൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി, കേസിലെ തുടർനടപടികൾ റദ്ദാക്കി. ജനാധിപത്യത്തിൽ ന്യായമായ വിമർശനം ഉന്നയിക്കാനും വിയോജിക്കാനും അവകാശമുണ്ട്. വിമർശനവും വിയോജിപ്പും പ്രകടിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന ജനാധിപത്യമൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ജസ്റ്റിസ് വി.ജി.അരുൺ ചൂണ്ടിക്കാട്ടി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News