സസ്പെൻഷനിൽ തുടരുന്ന എൻ. പ്രശാന്തിന്‍റെ ഹിയറിങ് ഈ മാസം 16ന്
വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറിക്ക് മുൻപിൽ ഹാജരാകാനാണ് നിർദേശം
തിരുവനന്തപുരം: സസ്പെൻഷനിൽ തുടരുന്ന എൻ. പ്രശാന്ത് ഐഎഎസിന്‍റെ ഹിയറിങ് ഈ മാസം 16ന് നടക്കും. വൈകിട്ട് 4.30ന് ചീഫ് സെക്രട്ടറിക്ക് മുൻപിൽ ഹാജരാകാനാണ് നിർദേശം. ഹിയറിങ്ങ് നോട്ടീസ് ഫേസ് ബുക്കിൽ പ്രശാന്ത് പോസ്റ്റ് ചെയ്ത ഹിയറിങ്ങിന് അസാധാരണ ഉപാധികള്‍ മുന്നോട്ട് വച്ച് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഹിയറിങ് റെക്കോർഡ് ചെയ്യണം,ലൈവ് സ്ട്രീമിങ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്. അതേസമയം പരാതിയിലെ ഹിയറിങ്ങിൽ ഒരു വിഭാഗം ഐഎഎസു കാർക്ക് അതൃപ്‌തിയുണ്ട്. കാരണം കാണിക്കൽ നോട്ടീസിന് ചീഫ് സെക്രട്ടറിയോട് തിരികെ ചോദ്യങ്ങൾ ചോദിച്ചയാളെ ഹിയറിങ്ങിന് വിളിച്ചതിലാണ് അതൃപ്തി.
അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്‍റെ പേരിലാണ് പ്രശാന്തിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നൽകിയിരുന്നു.ഇതിനു മറുപടി നൽകാതെ ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകൾ നൽകി. തനിക്കെതിരെ ആരാണ് പരാതി നൽകിയത് ,തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ സ്ക്രീൻഷോട്ട് ആരാണ് എടുത്തത് തുടങ്ങി 7 ചോദ്യങ്ങൾ ആയിരുന്നു പ്രശാന്ത് ഉന്നയിച്ചത് .ഇതിനു മറുപടി നൽകിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നൽകാമെന്ന നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്.
എന്നാൽ പ്രശാന്തിന്‍റെ ഈ നിലപാടാണ് സസ്പെൻഷൻ നീട്ടാൻ കാരണമായത്. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നൽകിയിട്ടില്ലെന്ന വാദമുയർത്തി റിവ്യൂ കമ്മിറ്റി 120 ദിവസത്തേക്ക് സസ്പെൻഷൻ നീട്ടുകയായിരുന്നു.