ഇവിടെ രക്ഷിതാക്കൾക്ക് ടെൻഷനില്ല; കുട്ടിയുടെ മുഴുവൻ വിവരങ്ങളും വിരൽ തുമ്പിലുണ്ട്
പാവങ്ങാട്ടെ പുത്തൂർ യുപി സ്‌കൂളിലാണ് 'ന്യുജൻ'മാറ്റം
കോഴിക്കോട്:പാവങ്ങാട്ടെ പുത്തൂർ യുപി സ്‌കൂൾ ഒരു മാറ്റത്തിന്റെ വഴിയിലാണ്. വിദ്യാർഥികൾക്ക് സ്മാർട്ട് ഐ ഡി കാർഡ് നൽകിയാണ് ആ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്.കുട്ടികൾ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്താനും പഠന നിലവാരം വിലയിരുത്താനും സ്മാർട്ട് ഐഡി കാർഡ് സഹായകമാണെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കുരുന്നുകളുടെ കഴുത്തിൽ കിടക്കുന്ന ഐഡി കാർഡാണ് ഇപ്പോൾ സ്‌കൂളിലെ താരം. ഈ സന്തോഷം വീട്ടിലിരിക്കുന്ന ഇവരുടെ രക്ഷിതാക്കൾക്കുമുണ്ട്. കുട്ടിയെ നിരീക്ഷിക്കാനും വിവരങ്ങളറിയാനും വീട്ടിലിരുന്ന് സാധിക്കും എന്നതാണ് രക്ഷിതാക്കളുടെ സന്തോഷത്തിന്റെ കാരണം.
കുട്ടികളുടെ സുരക്ഷക്ക് വേണ്ടിയാണ് ആപ് തയ്യാറാക്കിയിരിക്കുന്നതെന്നും ആർഎഫ്‌ഐഡി കാർഡുകളാണ് ഉപയോഗിക്കുന്നതെന്നും അധ്യാപകർ പറയുന്നു. കുട്ടികളുടെ മുഴുവൻ വിവരങ്ങളും ആപിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ക്ലാസിലേക്ക് കുട്ടി വരുമ്പോൾ തന്നെ കാർഡ് ഉപയോഗിച്ച് പഞ്ച് ചെയ്യണം. രക്ഷിതാക്കൾക്കായി തയ്യാറാക്കിയിട്ടുള്ള ആപിൽ അപ്പോൾ തന്നെ വിവരങ്ങൾ ലഭ്യമാവും. 500 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ രക്ഷിതാക്കൾക്കും വലിയ ആശ്വാസമാണ് പദ്ധതി. സ്മാർട്ട് ഐഡി കാർഡ് മാത്രമല്ല, മുൻകാലങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ സ്‌കൂൾ മുമ്പും നടപ്പാക്കിയിട്ടുണ്ട്.