ക്യൂവിലുള്ളവർക്ക് ബിസ്‌കറ്റും വെള്ളവും നൽകണം; ശബരിമലയിലെ തിരക്കിൽ ഇടപെട്ട് ഹൈക്കോടതി

സ്പോട്ട് ബുക്കിങോ വെർച്വൽ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു

Update: 2023-12-12 11:53 GMT
Editor : banuisahak | By : Web Desk

കൊച്ചി: സ്പോട്ട് ബുക്കിങോ വെർച്വൽ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ മറ്റ് ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യാനാവില്ല. മണിക്കൂറുകളോളമാണ് ആളുകൾ കാത്തിരിക്കുന്നത്. ശബരിമലയിൽ നിന്നുള്ള വരുമാനമാണ് ദേവസ്വം ബോർഡ് ജീവനക്കാരുടെ ശമ്പളം എന്നത് ഓർമ വേണമെന്നും കോടതി പറഞ്ഞു. ശബരിമലയിലെ തിരക്കിൽ സ്വമേധയാ എടുത്ത കേസ് പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന ഭക്തരാണ് ദർശനത്തിന് ശേഷവും സന്നിധാനത്ത് തുടരുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു. ഒരോ ദിവസവും പതിനായിരത്തിൽ കൂടുതൽ ബുക്കിങ് വരുന്നുവെന്ന് എഡിജിപി പറഞ്ഞു. ദിവസങ്ങളോളം യാത്ര ചെയ്ത് ദർശനത്തിന് എത്തുന്നവരുണ്ട്. ഇവർക്ക് ക്യൂവിൽ നിൽക്കുമ്പോൾ വെള്ളവും ബിസ്കറ്റും എത്തിക്കാൻ സംവിധാനം വേണമെന്ന് കോടതി നിർദേശിച്ചു. 

Advertising
Advertising

കഴിഞ്ഞ നാല് ദിവസമായി ആണ്‌ പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ദേവസ്വം ബോർഡും കോടതിയെ അറിയിച്ചു. ഭക്തർക്ക് അസൗകര്യങ്ങളുണ്ടെന്ന പേരിൽ പ്രചാരണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി.എസ് പ്രശാന്ത് പറഞ്ഞു. വാരാന്ത്യമായതിനാൽ വന്ന തിരക്കാണ് സന്നിധാനത്ത് കണ്ടത്. ദർശന സമയം ഇപ്പോൾ 18 മണിക്കൂറാക്കിയിട്ടുണ്ട്. നേരത്തെ ഇത് പതിനേഴ് മണിക്കൂറായിരുന്നു. 

തിരക്ക് നിയന്ത്രിക്കാൻ വിർച്വൽ ക്യൂ 80000 പേർക്കായി ചുരുക്കി. 42 ലക്ഷം ബിസ്കറ്റ് കൂടി ഓർഡർ ചെയ്തിട്ടുണ്ട്. ലഘുഭക്ഷണവും ചുക്കുവെള്ളവും ഇടതടവില്ലാതെ നൽകാൻ ഭക്ഷ്യവസ്തുക്കൾ ശേഖരിച്ചു. അന്നദാന മണ്ഡപത്തിൽ ഭക്ഷണ വിതരണം നടക്കുന്നു. അടിസ്ഥാന വികസന കാര്യത്തിൽ പരമാവധി മുന്നൊരുക്കം ചെയ്തിട്ടുണ്ട്. ഇതൊന്നും മനസിലാക്കാതെയാണ് പ്രചാരണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തിരക്ക് പരിഹരിക്കാൻ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. കാര്യക്ഷമമായ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടുപോകും. കഴിഞ്ഞ വർഷവും സമാനമായ പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. താൻ വിവാദത്തിനില്ലെന്നും വേണ്ടത് പ്രശ്നപരിഹാരമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്‌ പി.എസ് പ്രശാന്ത് പറഞ്ഞു. 

സ്ത്രീകളും കുട്ടികളും കൂടുതലായി വരുമ്പോൾ തിരക്ക് കൂടും. മുൻവർഷങ്ങളേക്കാൾ കൂടുതൽ സ്ത്രീകളാണ് ഇത്തവണ എത്തിയത്.  വീഴ്ചകൾ പരിഹരിക്കാൻ അതാത് അതോറിറ്റിയെ അറിയിക്കും. രാഷ്ട്രീയമില്ലെങ്കിൽ പിന്നെ യുഡിഎഫ് എന്തിനാണ് പമ്പയിലേക്ക് വരുന്നതെന്നും അദ്ദേഹം ചോദിച്ചു. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News