ബലാത്സംഗക്കേസ്: ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാര്‍ അപ്പീലിൽ രാഹുലിന് ഹൈക്കോടതി നോട്ടീസ്
ജസ്റ്റിസ് വിജു എബ്രഹാമിൻ്റെ ബെഞ്ചാണ് കേസ് പരിഗണിക്കുക
കൊച്ചി: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജിയിൽ രാഹുലിന് നോട്ടീസ്. ഹരജി ക്രിസ്മസ് അവധിക്ക് ശേഷം വീണ്ടും പരിഗണിക്കും. രാഹുലിനെതിരെ പ്രഥമദൃഷ്ട്യാ ബലാത്സംഗ കുറ്റം നിലനിൽക്കും എന്നാണ് ഹരജിയിൽ സർക്കാരിന്‍റെ വാദം.
അതേസമയം രാഹുലിനെതിരെ ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി. പരാതിക്കാരിയുമായി ഉണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും നിർബന്ധിച്ച് ഗർഭചിദ്രം നടത്തിയിട്ടില്ല എന്നുമാണ് രാഹുലിന്‍റെ വാദം. ജസ്റ്റിസ് കെ. ബാബുവിന്‍റെ ബെഞ്ചാണ് ഹരജി പരിഗണിക്കുക .
ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ കൂടുതൽ തെളിവ് തേടുകയാണ് എസ്ഐടി. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തോംസൺ ജോസിനെ നേതൃത്വത്തിൽ ആയിരുന്നു.
ഇതിൽ അന്വേഷണം തുടരുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. പൂങ്കുഴലിക്ക് ഇതിന്‍റെ അന്വേഷണം കൈമാറിയിരുന്നു. 23 വയസുകാരിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കുന്ന പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ടീമിന് ആദ്യ കേസും കൈമാറി. ഏകീകൃത അന്വേഷണം കൂടുതൽ ഗുണകരമാകുമെന്നാണ് കേസ് കൈമാറിയയെകുറിച്ച് ഔദ്യോഗികമായി നൽകുന്ന വിശദീകരണം.