ശബരിമലയിലെ തിരക്ക്: വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി; മന്ത്രിക്ക് ഏകോപന യോഗം വിളിക്കാം

മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും മന്ത്രി വിട്ടുനിൽക്കണമെന്നും കോടതി നിർദേശിച്ചു.

Update: 2025-11-19 15:55 GMT

Photo| Special Arrangement

കൊച്ചി: ശബരിമലയിലെ അനിയന്ത്രിത തിരക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. അടിസ്ഥാന സൗകര്യവും‌ തിരക്ക് നിയന്ത്രണവും വിദഗ്ധ സമിതിയുടേ കീഴിൽ വരണം. വിദഗ്ധ സമിതി വിവരശേഖരണം നടത്തി വിവിധ സോണുകളായി തിരിച്ച് ഉൾക്കൊള്ളാനാവുന്ന ഭക്തരുടെ എണ്ണം കണക്കാക്കണമെന്നും കോടതി നിർദേശിച്ചു.

ശബരിമല വിഷയം ചർച്ച ചെയ്യാൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ ദേവസ്വം മന്ത്രിക്ക് ഹൈക്കോടതി ഇളവ് അനുവദിക്കുകയും ചെയ്തു. ദേവസ്വം മന്ത്രിക്ക് ഏകോപന യോഗം വിളിച്ചുചേർക്കാമെന്നും ഇതിൽ പെരുമാറ്റച്ചട്ട വിലക്കില്ലെന്നും കോടതി വ്യക്തമാക്കി. യോഗം ചേരാൻ മന്ത്രിയെ അനുവദിക്കണം. ‌അടിയന്തരമായി ഏകോപനം വേണ്ട ഘട്ടമാണിതെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്നും മന്ത്രി വിട്ടുനിൽക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Advertising
Advertising

മണ്ഡല മകരവിളക്ക് തീർഥാടനത്തിന് സന്നിധാനത്ത് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 200 ആക്കി ഉയർത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിൽ ഇത് 104 ആണ്. കൂടുതൽ ബയോ ടോയ്‌ലറ്റുകൾ സ്ഥാപിക്കണം. ഓരോ ടോയ്‌ലറ്റ് യൂണിറ്റിലും മേൽനോട്ടത്തിനായി ഒരു ജീവനക്കാരനെ നിർബന്ധമായും നിയോഗിക്കണം.

ശുചിമുറികളിൽ വൃത്തി ഉറപ്പാക്കണം. പമ്പ, സന്നിധാനം, ശരണപാത എന്നിവിടങ്ങളിൽ കുടിവെള്ളം തടസമില്ലാതെ ലഭ്യമാക്കണം. ഭാഷാ പ്രശ്നം പരിഹരിക്കാൻ 'ഹെൽപ്പ് ഡെസ്കുകൾ' സ്ഥാപിക്കണം. പരാതി അറിയിക്കാൻ വെബ് പോർട്ടൽ തയാറാക്കണമെന്ന് നിർദേശിച്ച കോടതി, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് വീഴ്ച പറ്റിയെന്നും വിമർശനമുന്നയിച്ചു.

അനിയന്ത്രിത തിരക്കിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ സ്പോട്ട് ബുക്കിങ് ഹൈക്കോടതി കുറച്ചിരുന്നു. ദിവസേന 5000 പേർക്ക് മാത്രമായിരിക്കും അവസരം. തിങ്കളാഴ്ച വരെയാകും നിയന്ത്രണം. ആളുകളുടെ തിരക്ക് കുറയ്ക്കാനാണ് കോടതി ഇടപെടൽ. ശബരിമലയിലെ തിരക്കിൽ വേണ്ടത്ര ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും മുന്നൊരുക്കങ്ങൾ നടത്താത്തതിലും രാവിലെ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

തുടർന്നാണ്, സ്പോട്ട് ബുക്കിങ് സംബന്ധിച്ച ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയത്. സ്‌പോട്ട് ബുക്കിങ് ഇല്ലാതെ പോലും നിരവധി പേർ കയറുകയും സ്ത്രീകളും കുട്ടികളും മണിക്കൂറോളം ക്യൂ നിൽക്കുകയും തിരക്ക് വർധിക്കുന്നത് ഭക്തർക്ക് ബുദ്ധിമുട്ടാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി നിർദേശം.

സ്‌പോട്ട് ബുക്കിങ്ങിൽ കർശന നിയന്ത്രണം വേണ്ടതുണ്ടെന്നും തിങ്കളാഴ്ച വരെ ദിനേന 5000 പേർക്കേ അവസരം നൽകൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്. കാനനപാത വഴിയും 5,000 പേർക്ക് പാസ് നൽകും. വനംവകുപ്പായിരിക്കും പാസ് നൽകുകയെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്പോട്ട് ബുക്കിങ് കുറയ്ക്കേണ്ടിവരുമെന്ന് രാവിലെ കോടതി പറഞ്ഞിരുന്നു.

‌പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്നും ആളുകളെ തിക്കിത്തിരക്കി കയറ്റുന്നത് എന്തിനെന്നും കോടതി സർക്കാരിനോട് ചോദിച്ചിരുന്നു. വിഷയത്തിൽ ഏകോപനം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. 9‌0,000 പേരെ പ്രവേശിപ്പിക്കാൻ കഴിയുമെന്ന് ദേവസ്വം ബോർഡ് മറുപടി നൽകി.

എന്നാൽ, അങ്ങനെ തിക്കിത്തിരക്കി ആളുകളെ കയറ്റിയിട്ട് എന്ത് കാര്യമെന്നും കോടതി ചോദിച്ചു. മണ്ഡല, മകരവിളക്ക് തീർഥാടനം സംബന്ധിച്ചുള്ള ഒരുക്കങ്ങൾ ആറു മാസം മുൻപെങ്കിലും തുടങ്ങേണ്ടതായിരുന്നില്ലേ എന്നും കോടതി ആരാഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News