വളപട്ടണം ഐ.എസ് കേസ്: അപ്പീലിൽ തീരുമാനമാകും വരെ ശിക്ഷ മരവിപ്പിക്കണമെന്ന പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി
ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം
കൊച്ചി: വളപട്ടണം ഐ.എസ് കേസിലെ മൂന്നുപ്രതികൾ നൽകിയ ഹരജി ഹൈക്കോടതി തള്ളി. അപ്പീലിൽ തീരുമാനമാകും വരെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് തീരുമാനം.
ഒന്നാംപ്രതി കണ്ണൂർ ചക്കരക്കല്ല് മുണ്ടേരി മിദ്‌ലാജ്, രണ്ടാം പ്രതി ചെക്കിക്കളം സ്വദേശി കെ.വി അബ്ദുള്‍ റസാക്ക്, അഞ്ചാം പ്രതി ചിറക്കര യു.കെ ഹംസ എന്നിവരാണ് കോടതിയെ സമീപിച്ചത്. പ്രതികൾ അഞ്ചു വർഷമായി ജയിലിലായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് മിദ്‌ലാജിനെയും ഹംസയേയും ഏഴു വർഷത്തെ തടവിനും റസാക്കിനെ ആറു വർഷത്തെ തടവിനും കോടതി ശിക്ഷിച്ചത്.
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 പേർ തീവ്രവാദ പ്രവർത്തനത്തിനായി ഐ.എസിൽ ചേർന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 2017ൽ വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻ.ഐ.എ അന്വേഷിച്ചു. 2019ലാണ് വിചാരണ തുടങ്ങിയത്. 153 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക്‌സ് തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
സിറിയയിലേക്കുള്ള യാത്രാ മധ്യേ തുർക്കിയിൽ വെച്ച് പ്രതികളെ പിടികൂടിയെന്നാണ് എൻ.ഐ.എ കുറ്റപത്രത്തിൽ പറയുന്നത്. യു.എ.പി.എയുടെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് പ്രതികൾ കുറ്റക്കാരെന്നാണ് കോടതി കണ്ടെത്തിയത്.