സതിയമ്മയെ പുറത്താക്കിയതിൽ പ്രതിഷേധം; പ്രതിപക്ഷ നേതാവിനെതിരായ കേസ് സ്റ്റേ ചെയ്തു
എഫ്.ഐ.ആർ പരിശോധിക്കുമ്പോൾ കുറ്റം ചെയ്യണമെന്ന ഉദ്ദേശം കാണാനാകുന്നില്ലെന്ന് കോടതി
കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി സതീശനെതിരായ കേസ് നടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പുതുപ്പള്ളിയിൽ മൃഗാശുപത്രി താൽക്കാലിക ജീവനക്കാരി സതിയമ്മയെ പുറത്താക്കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവടക്കം 17 പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കോട്ടയം ഈസ്റ്റ് പൊലീസെടുത്ത കേസാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഈ മാസം 29 വരെയാണ് സ്റ്റേ. എഫ്.ഐ.ആർ പരിശോധിക്കുമ്പോൾ കുറ്റം ചെയ്യണമെന്ന ഉദ്ദേശം കാണാനാകുന്നില്ലെന്ന് കോടതി പറഞ്ഞു.
പുതുപ്പള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ വ്യാജരേഖയുണ്ടാക്കി ജോലി നേടിയെന്ന ആരോപണത്തിൽ സതിയമ്മക്കെതിരെ കേസെടുത്തിരുന്നു. വ്യാജരേഖയുണ്ടാക്കി ജോലി ചെയ്തുവെന്നാണ് എഫ്.ഐ.ആറിൽ പറഞ്ഞത്. വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാ മോൾ, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റർ ഫീൽഡ് ഓഫീസർ ബിനു എന്നിവരും പ്രതികളാണ്.
രേഖകൾ പ്രകാരം ജോലി ചെയ്യേണ്ടിയിരുന്ന ജിജിമോൾ നൽകിയ പരാതിയിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തിരുന്നത്. പുതുപ്പള്ളി വെറ്ററിനറി സെന്ററിൽ ജോലി ചെയ്തിട്ടില്ലെന്നും ഒപ്പിടുകയോ വേതനം കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നുമാണ് ജിജി മോളുടെ പരാതിയിൽ പറയുന്നത്. സതിയമ്മ ഉമ്മൻ ചാണ്ടിയെ പുകഴ്ത്തി മാധ്യമങ്ങളോട് സംസാരിച്ചതിനാൽ പുറത്താക്കിയെന്നായിരുന്നു യു.ഡി.എഫ് ആരോപണം. 13 വർഷമായി വെറ്ററിനറി സെന്ററിൽ സ്വീപ്പറായിരുന്നു സതിയമ്മ.