ഇഡി ഉദ്യോഗസ്ഥനെതിരെയുള്ള കൈക്കൂലിക്കേസ്: പരാതിക്കാരന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
അറസ്റ്റ് ഭീഷണിയുണ്ടെന്ന് അനീഷ് ബാബുവിന്‍റെ ഹരജിയില്‍ പറയുന്നു
കൊച്ചി: ഇഡി ഉദ്യോഗസ്ഥൻ ഉൾപ്പെട്ട വിജിലൻസ് കേസിൽ പരാതിക്കാരനായ അനീഷ് ബാബുവിൻ്റെ അറസ്റ്റ് തൽക്കാലം തടഞ്ഞ് ഹൈക്കോടതി. വിഷയത്തിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത പുതിയ എൻഫോഴ്സ്മെൻ്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോർട്ട് (ECIR) പ്രകാരം തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയക്കുന്നതായി ചൂണ്ടിക്കാട്ടി അനീഷ് ബാബു നൽകിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
അന്വേഷണത്തോട് സഹകരിക്കാനും അനീഷ് ബാബുവിന് കോടതി നിർദേശം നൽകി. തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അനീഷ് ബാബു വിജിലൻസിനെ സമീപിച്ചത്. കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു എന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിലാവുകയും ഇഡി ഉദ്യോഗസ്ഥൻ പ്രതിയാവുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് നാളെ ഡൽഹിയിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് അനീഷ് ബാബുവിന് സമൻസ് ലഭിച്ചത്. ഇതോടെയാണ് മുൻകൂർ ജാമ്യം തേടി അനീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.