'റോഡ് സ്വന്തം സ്വത്ത് പോലെ'; അപകടമുണ്ടാക്കുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
കൊച്ചിയിൽ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ വിമർശനം
കൊച്ചി: റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതിയുടെ നിർദേശം. കൊച്ചിയിൽ സ്വകാര്യബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചതിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി ഇടപെടൽ. നിയമം ലംഘിക്കുന്ന ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കുന്നത് പരിശോധിക്കണമെന്ന് ഡിസിപിക്ക് കോടതി നിർദേശം നൽകി.
ഡിസിപിയെ നേരിട്ട് വിളിച്ചുവരുത്തിയ ശേഷമാണ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി പരിശോധിച്ചത്. അപകട ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും ഇനി ഒരു ജീവനും അശ്രദ്ധമൂലം ഇല്ലാതാകരുതെന്നും കോടതി നിർദേശിച്ചു. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഡ്രൈവറുടെ ലൈസൻസും, വാഹനത്തിന്റെ പെർമിറ്റും റദ്ദാക്കുന്നത് പരിശോധിക്കണമെന്നും കോടതി ഡിസിപിക്ക് നിർദേശം നൽകി. സ്വകാര്യ ബസ് ജീവനക്കാർ കുടുംബ സ്വത്ത് പോലെയാണ് റോഡുകളെ കാണുന്നതെന്നും ഇത്തരക്കാർക്കെതിരെ ഒരു ദയയും കാണിക്കാതെ നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.
ഹൈക്കോടതി നിർദേശപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് ഡിസിപി പറഞ്ഞു. നിയമലംഘകർക്കെതിരെ സ്വീകരിച്ച നടപടികൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് കൈമാറാനും ഹൈക്കോടതിയുടെ നിർദേശമുണ്ട്. ഹരജി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.