മലപ്പുറത്ത് ഹിന്ദുക്കളെയും അവിടുള്ള സഹോദരങ്ങളെ മറ്റിടങ്ങളിലും നിർത്തി ജയിപ്പിക്കണം; കേരളത്തിലെ എല്ലാ പ്രശ്നവും തീരും: മല്ലിക സുകുമാരൻ
ചിലർ ഒരു മൈക്ക് എടുത്തു വെച്ച് പറയുന്നത് കേട്ടു കഴിഞ്ഞാൽ നമുക്ക് തന്നെ കഷ്ടം തോന്നും
തിരുവനന്തപുരം: മലപ്പുറത്ത് ഹിന്ദുക്കളെയും അവിടുള്ള സഹോദരങ്ങളെ മറ്റിടങ്ങളിലും നിർത്തി ജയിപ്പിച്ചാൽ കേരളത്തിലെ എല്ലാ പ്രശ്നവും തീരുമെന്ന് ചലച്ചിത്ര നടി മല്ലിക സുകുമാരൻ.യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്.
'എന്റെ ആഗ്രഹം എന്താണെന്നറിയോ ? മലപ്പുറത്തൊക്കെ ഹിന്ദുക്കളെ നിര്ത്തണം. സത്യം. അങ്ങനെ നിര്ത്തി നോക്കട്ടെ, എന്നിട്ട് ജയിപ്പിക്കണം അവരെ.അതേപേലെ തന്നെ അവിടുന്ന് വരുന്ന സഹോദരങ്ങളെ അതല്ലാത്ത സ്ഥലത്ത് നിർത്തി ഒരു ഒറ്റ ഇലക്ഷന് അങ്ങനെ ഒന്ന് നിര്ത്തി ജയിപ്പിക്കണം. കേരളത്തിലെ എല്ലാ പ്രശ്നവും അവിടെ തീരും'
“എനിക്കൊരു 10-50 വയസ്സുവരെ ഇത്രയും ഒരു ജാതീയമായിട്ടുള്ള വേർതിരിവുകളും വർത്തമാനങ്ങളും ഒന്നും ഞാൻ കേട്ടിട്ടില്ല. ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ടല്ലോ... ‘അയ്യോ മലപ്പുറത്തോട്ടൊന്നും പോകല്ലേ’ എന്നൊക്കെ ചിലർ പറയുമ്പോൾ ഞാൻ പറയും, ‘നിങ്ങൾ എന്തോന്ന്!’ ഞങ്ങളൊക്കെ ഇമ്പിച്ചി ബാവ സാഹിബിന്റെ വീട്ടിൽ പോയിട്ട് പെരുന്നാളിനും ഇഫ്താർ പാർട്ടിക്കും കൂടിയിട്ടുള്ളവരാ. ശിഹാബ് തങ്ങൾ സാഹിബിന്റെയൊക്കെ വീട്ടിൽ പോയിട്ട് ഭക്ഷണം കഴിച്ചിട്ടുള്ളവരാ. ആ കാലത്ത് പെരുന്നാൾ സമയത്ത് ഏത് മനുഷ്യൻ എപ്പോ ചെന്ന് കേറിയാലും ആഹാരം കൊടുക്കുന്ന വീടുകളാണതൊക്കെ.”
ജുംഅക്ക് പോകുമ്പോൾ അവിടെയിരിക്കുന്ന ഉസ്താദുമാരായാലും, പള്ളിയിൽ കുർബാനയ്ക്ക് പോകുമ്പോൾ അവിടെയുള്ള തിരുമേനിമാരായാലും, അമ്പലത്തിൽ പോകുന്ന പൂജാരിമാരായാലും... അവരൊക്കെ കുറെയൊക്കെ ഉപദേശിക്കണം. ഞാൻ ഹിന്ദു ആയതുകൊണ്ട് പറയുകയല്ല, അമ്പലത്തിൽ ഒന്നും ഞങ്ങൾക്ക് പ്രസാദം തരുമ്പോൾ ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് ഒരു പോറ്റിയും പറഞ്ഞ് എന്റെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല. അതേസമയം, ഒരു പള്ളിയിൽ നമ്മൾ കുർബാന കൂടാൻ ചെല്ലുമ്പോൾ ‘നമ്മുടെ ഇടവകയിലുള്ള ഒരാളാ, നിങ്ങളൊക്കെ ഒന്ന് സഹകരിക്കണം’ എന്ന് പറയുന്നതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ പറഞ്ഞത്. പക്ഷേ, അത് അവിടെ നിർത്തണം. അല്ലാതെ ‘ഞങ്ങൾ കമ്മ്യൂണിറ്റിയെ തഴഞ്ഞു, ഞങ്ങളെ അങ്ങനെ ചെയ്തു’ എന്നൊക്കെ പറഞ്ഞ് ആരും എരി കേറ്റരുത്.”
“ഇത് തന്നെയാണ് മലപ്പുറത്ത് സംഭവിക്കുന്നത്. ചിലർ ഒരു മൈക്ക് എടുത്തു വെച്ച് പറയുന്നത് കേട്ടു കഴിഞ്ഞാൽ നമുക്ക് തന്നെ കഷ്ടം തോന്നും. അവിടെ ഇന്ത്യ ഇങ്ങനെയാവും, കാശ്മീർ ഇങ്ങോട്ട് കൊണ്ടുവാ, കന്യാകുമാരി എടുത്ത് കാശ്മീരാക്കിവെച്ച് കന്യാകുമാരി അപ്പുറത്തോട്ട് ഇടുക എന്നൊക്കെ പറയുന്നതുപോലെ ഇങ്ങനെയൊക്കെ പറയാൻ തുടങ്ങിയാൽ എന്ത് ചെയ്യും? ഇതൊക്കെ വിവരമുള്ളവർക്ക് അറിയാം വിഡ്ഢിത്തങ്ങളാണ് പറയുന്നതെന്ന്.
എല്ലാവരും വിചാരിക്കണം. ഈ നാട്ടിൽ എത്രയോ കാലങ്ങളായിട്ട് എല്ലാ ജാതിക്കാരും നല്ല സുഖമായിട്ട്, സന്തോഷത്തോടെ ഒരു പ്രശ്നവുമില്ലാതിരുന്ന ഒരു നാടാണല്ലോ. ഈ കഴിഞ്ഞ ഒരു പത്തോ ഇരുപതോ കൊല്ലമായിട്ട് ഇവിടെ ഇങ്ങനെ ജാതീയമായിട്ടുള്ള സമരങ്ങൾ, ജാഥകൾ... അത് ഇത് എന്ന് വേണ്ട, ഇതെല്ലാം കൊണ്ടുവന്നതിന്റെ പിന്നിൽ ഒരുപക്ഷേ ചില രാഷ്ട്രീയ പാർട്ടിക്കാർക്കൊക്കെ പങ്കുണ്ടാവാം. കാരണം, വോട്ട് കിട്ടാൻ വേണ്ടി പ്രത്യേകമായിട്ട് ആ ഒരു കമ്യൂണിറ്റിയിൽ ചെന്ന് കഴിയുമ്പോൾ അവരെ പ്രീതിപ്പെടുത്തുക. ഗുരുവായൂരിലൊക്കെ എല്ലാവരും പോകും. അവിടുത്തെ ശാന്തിയൊന്നും ഇതൊന്നും പറയുന്നില്ല. മന്ത്രം മാത്രം ജപിച്ച് പ്രസാദം തരും. പക്ഷേ ജാതി കലർത്തിയിട്ട് പരസ്പരം വിദ്വേഷമുണ്ടാക്കുന്ന സംസാരങ്ങൾ ഒഴിവാക്കാൻ മത അധ്യക്ഷന്മാരും മുൻകൈയെടുക്കണം.
ജാതിയും മതവും പറഞ്ഞ് നാട്ടിൽ മോശമായ അന്തരീക്ഷം സൃഷ്ടിക്കരുതെന്നും, എല്ലാ കാര്യങ്ങളിലും രാഷ്ട്രീയ ലാഭം മാത്രം നോക്കുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും മല്ലിക സുകുമാരൻ ഓർമ്മിപ്പിച്ചു.