ആളുമാറി നിരപരാധിയെ പ്രതിയാക്കി: പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പൊലീസ് ഉദ്യോഗസ്ഥരുടേത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്.

Update: 2025-09-25 15:01 GMT

പാലക്കാട്: കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തെറ്റിദ്ധരിച്ച് നിരപരാധിയായ വയോധികയെ അറസ്റ്റ് ചെയ്ത് കോടതി കയറ്റിയിറക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിർദേശിച്ച് മനുഷ്യാവകാശ കമ്മീഷന്‍.

പൊലീസ് ഉദ്യോഗസ്ഥരുടേത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിന്റെ ഉത്തരവ്. കുറ്റക്കാരായ പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. 'കുറ്റം എന്താണെന്നറിയാതെ 80 കാരി കോടതി കയറിയിറങ്ങിയത് നാലു വര്‍ഷം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

Advertising
Advertising

1998 ഓഗസ്റ്റ് 16 ന് നടന്ന സംഭവമാണ് 80 കാരിയെ കോടതി കയറ്റിയിറക്കിയത്. രാജഗോപാല്‍ എന്നയാളുടെ അച്ഛന്റെ വീട്ടില്‍ ജോലിക്ക് നിന്ന ഭാരതി എന്ന സ്ത്രീയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അസഭ്യം പറയുകയും വീട്ടിലെ സാധനങ്ങള്‍ കേടുവരുത്തുകയും ചെയ്തു. ഈ സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ക്രൈം 496/1998 നമ്പറായി കേസെടുത്ത് 1998 ഓഗസ്റ്റ് 17 ന് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചശേഷം പ്രതി മുങ്ങി. തുടര്‍ന്ന് പ്രതിക്കെതിരെ ലോങ്ങ് പെന്‍ഡിംഗ് വാറണ്ട് കോടതി പുറത്തിറക്കി.

പിന്നാലെയാണ്, 2019 സെപ്റ്റംബര്‍ 24 ന് ആലത്തൂര്‍ വടക്കേത്തറ സ്വദേശിനി പാര്‍വതി അഥവാ എം ഭാരതി എന്ന വയോധികയെ യഥാര്‍ത്ഥ പ്രതിയെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചത്. മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് നടപടിയെടുത്തത്. പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി ജാമ്യമെടുപ്പിക്കാം എന്ന ഉറപ്പില്‍ ബന്ധുക്കള്‍ അറസ്റ്റ് തടഞ്ഞു. താന്‍ ഒരു കേസിലും പ്രതിയായിട്ടില്ലെന്നും വീട്ടുജോലിക്ക് നിന്നിട്ടില്ലെന്നും രാമായണം വായിച്ച് സമാധാനത്തോടെ കഴിയുകയാണെന്നും പറഞ്ഞിട്ടും പൊലീസുകാരന്‍ വിശ്വസിച്ചില്ല.

2019 സെപ്റ്റംബര്‍ 25 ന് പാലക്കാട് ജെ.എം.സി.എം കോടതി മൂന്നില്‍ ഹാജരായി 10,000 രൂപയുടെ ജാമ്യത്തിലും 10,00,00 രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലും എം. ഭാരതിക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ എം ഭാരതി ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വാദിയായ തിരുനെല്ലായി വിജലപുരം കോളനി സ്വദേശി രാജഗോപാലിനെ കണ്ട് പരാതി പിന്‍വലിപ്പിച്ചതോടെ എം. ഭാരതിയെ കോടതി വെറുതെവിടുകയായിരുന്നു.

എന്നാല്‍ നാല് വര്‍ഷത്തിനിടെ എട്ട് തവണയാണ് ഇവര്‍ കോടതി കയറിയിറങ്ങിയത്. സംഭവത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു.  പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥർ യഥാർത്ഥ പ്രതിയുടെ വിലാസം ശരിയായ രീതിയിൽ പരിശോധിച്ചിരുന്നെങ്കിൽ ഇത്തരം ഒരു അബദ്ധം സംഭവിക്കുകയില്ലായിരുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി കമ്മീഷനെ അറിയിച്ചു. പ്രതിയുടെ മേൽവിലാസം പരിശോധിക്കാതെയാണ് കോടതിയിൽ കുറ്റപത്രം നൽകിയത്. വയോധികയുടെ അന്തസിന് ഇടിവ് സംഭവിക്കാനും ജീവിതത്തിൽ വലിയ ആഘാതം സൃഷ്ടിക്കാനും ഈ സംഭവം ഇടയാക്കിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി റിപ്പോർട്ടിൽ പറഞ്ഞു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News