കൊല്ലത്ത് കോടതി വെറുതെ വിട്ടയാളെ അര്‍ധരാത്രി വീട്ടിൽ നിന്നും പിടിച്ചുകൊണ്ടു പോയ സംഭവം: പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ
നിരപരാധിയാണ്,തന്‍റെ പേരില്‍ കേസില്ലെന്ന് പറഞ്ഞിട്ടും പൊലീസുകാര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും അജി മീഡിയവണിനോട് പറഞ്ഞു.
കൊല്ലം: കൊല്ലത്ത് കോടതി വെറുതെ വിട്ടയാളെ അതേ കേസിൽ വാറൻ്റ് ഉത്തരവുമായി എത്തി വീട്ടിൽ നിന്നും പിടിച്ചുകൊണ്ടു പോയതിൽ ചാത്തന്നൂർ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോടതി കുറ്റവിമുക്തനാക്കിയ കാര്യം പരിശോധിക്കാതെയാണ് അർധരാത്രി പള്ളിമൺ സ്വദേശി വി.ആര്‍ അജിയെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മീഷൻ കണ്ടെത്തി.
പരാതി നൽകിയതിന് പിന്നാലെ പെറ്റി കേസിന്റെ പേരിൽ തന്നെ പൊലീസ് വേട്ടയാടാൻ ശ്രമിച്ചുവെന്ന് അജി പറയുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുന്നതുവരെ നിയമ പോരാട്ടം തുടരുമെന്നും അജി മീഡിയവണിനോട് പറഞ്ഞു. അന്ന് അര്‍ധരാത്രി വീട്ടിലെത്തിയ എല്ലാ പൊലീസുകാരുടെയും പേരെടുത്ത് പറഞ്ഞുകൊണ്ടാണ് മനുഷ്യാവകാശകമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
'മതില്‍ചാടികടന്നാണ് പൊലീസ് വീട്ടിലെത്തിയത്.ഈ കേസ് തീര്‍പ്പാക്കിയതാണെന്നും മൊബൈലിലെ ഇ-കോര്‍ട്ട് എടുത്തുനോക്കിയാല്‍ അക്കാര്യം മനസിലാകുമെന്നും അവരോട് പറഞ്ഞു. എന്നാല്‍ 'നീയെന്നെ പഠിപ്പിക്കേണ്ട' എന്നാണ് പൊലീസ് പറഞ്ഞത്. നിരപരാധിയാണ്,എന്‍റെ പേരില്‍ കേസില്ല എന്ന് പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ല. പിന്നീട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അവര്‍ക്ക് തെറ്റ് മനസിലാകുന്നത്'.അജി പറഞ്ഞു.
ഇതിന് പിന്നാലെയാണ് 1000 രൂപയുടെ പെറ്റിക്കേസില്‍ തന്നെ ബുദ്ധിമുട്ടിക്കാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ക്കെതിരെ ഹൈക്കോടതിയിലും കേസ് നല്‍കിയിട്ടുണ്ടെന്നും നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും അജി പറയുന്നു.