സ്കൂൾ നിയമങ്ങൾ പാലിച്ച് വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയാർ: സെന്റ്. റീത്താസ് സ്കൂൾ പ്രിൻസിപ്പൽ

വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറാവാതിരുന്ന പ്രിൻസിപ്പൽ, കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ടെന്നും അഭിപ്രായപ്പെട്ടു.

Update: 2025-10-17 07:14 GMT

കൊച്ചി: ശിരോവസ്ത്ര വിലക്കിൽ വീണ്ടും പ്രതികരണവുമായി പള്ളുരുത്തി സെന്റ്. റീത്താസ് സ്കൂൾ പ്രിൻസിപ്പൽ. സ്കൂൾ നിയമം പാലിച്ച് വിദ്യാർഥി വന്നാൽ കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ തയാറാണെന്ന് പ്രിൻസിപ്പൽ ഹെലീന ആൽബി പറഞ്ഞു. കുട്ടിയെ പൂർണമനസോടെ സ്വീകരിക്കും. പാഠ്യപദ്ധതികൾക്ക് പുറമെ സാംസ്കാരിക മൂല്യങ്ങൾ കൂടി പഠിപ്പിക്കുന്ന സ്കൂൾ ആണിതെന്നും പ്രിൻസിപ്പൽ അവകാശപ്പെട്ടു.

കോടതിയുടെ മുന്നിലിരിക്കുന്ന പല വിഷയങ്ങൾക്കും ഇപ്പോൾ മറുപടി നൽകുന്നില്ല. കോടതിയെയും സർക്കാരിനേയും എന്നും ബഹുമാനിച്ചാണ് മുന്നോട്ടുപോവുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. വിഷയത്തിൽ സ്കൂളുമായി സഹകരിച്ച എല്ലാവർക്കും നന്ദിയെന്നും പ്രിൻസിപ്പൽ പറഞ്ഞു. വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറാവാതിരുന്ന പ്രിൻസിപ്പൽ, കൂടുതൽ ചോദ്യങ്ങളൊന്നും വേണ്ടെന്നും അഭിപ്രായപ്പെട്ടു.

Advertising
Advertising

'കേരള ഹൈകോടതിക്കും അഭിഭാഷകയ്ക്കും നന്ദി. വിദ്യാഭ്യാസ മന്ത്രിയും സെക്രട്ടറിയും ആദ്യദിനങ്ങളിൽ വിഷയങ്ങൾ അന്വേഷിച്ചറിഞ്ഞിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ സഹായമില്ലാതെ ഒരു സ്‌കൂളിനും മുന്നോട്ടുപോകാനാകില്ല. ഇതുവരെ നൽകിയ പിന്തുണയ്ക്ക് വിദ്യാഭ്യാസ മന്ത്രിക്ക് നന്ദി. എറണാകുളം എംപി ഹൈബി ഈഡനും എംഎൽഎ കെ. ബാബുവിനും ഷോൺ ജോർജിനും നന്ദി'- പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.

ശിരോവസ്ത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർഥിനി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ പഠനം അവസാനിപ്പിക്കുകയാണെന്ന് പിതാവ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രിൻസിപ്പലിന്റെ പ്രതികരണം. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നും പിതാവ് പി.എം അനസ് മീഡിയവണിനോട് പറഞ്ഞു. മതസൗഹാർദം തകരുന്ന ഒന്നും സമൂഹത്തിൽ ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പേടിയും പനിയും വന്ന് മകൾ മാനസികമായി വലിയ ബുദ്ധിമുട്ടിലാണ്. മതാചാരപ്രകാരമുള്ള ഹിജാബ് ധരിച്ച് സ്‌കൂളിൽ പോവണമെന്നായിരുന്നു അവളും ഞങ്ങളും ആഗ്രഹിച്ചിരുന്നത്. ആ ന്യായമായ ആവശ്യം ചോദിച്ചപ്പോൾ സ്‌കൂൾ അധികൃതർ നിരസിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കുൾപ്പെടെ താൻ പരാതി നൽകുകയും സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. എന്നിട്ടും മകൾക്ക് ഹിജാബ് ധരിച്ച് പോകാൻ മാനേജ്‌മെന്റ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അവിടെ പഠിക്കണോ എന്ന് മകളോട് ചോദിച്ചപ്പോൾ അതിന് മാനസികമായി വളരെ ബുദ്ധിമുട്ടുണ്ടെന്നാണ് അവൾ പറഞ്ഞത്. മകളുടെ തുടർപഠനവും ഭാവിയും ഉദ്ദേശിച്ചും സമൂഹത്തിൽ സംഘർഷ സാധ്യതയൊഴിവാക്കാനും നാടിന്റെ സുരക്ഷയ്ക്കും നന്മയ്ക്കും വേണ്ടി അവളുടെ തുടർവിദ്യാഭ്യാസം മറ്റൊരു സ്‌കൂളിലാക്കാനാണ് തീരുമാനം. താൻ കാരണം ഈ പ്രദേശത്ത് ഒരു പ്രശ്‌നവും ഉണ്ടാകാൻ ആഗ്രഹിക്കുന്നില്ല- അദ്ദേഹം വ്യക്തമാക്കി.

ശിരോവസ്ത്ര വിവാദത്തിൽ ഇരായായ കുട്ടി പഠനം നിർത്തിപ്പോയാൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂൾ അധികൃതർ സർക്കാരിനോട് മറുപടി പറയേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും വ്യക്തമാക്കി. ആ കുട്ടി അനുഭവിക്കുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ഒരു കൊച്ചുമോളോട് അങ്ങനെ പെരുമാറാൻ പാടുണ്ടോ? ഒരു കുട്ടിയുടെ പ്രശ്‌നം ആണെങ്കിലും സംരക്ഷണം നൽകുക എന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു. ശിരോവസ്ത്രം ധരിച്ച് നിൽക്കുന്ന അധ്യാപിക കുട്ടി ഇത് ധരിക്കരുതെന്ന് പറയുന്നത് വലിയ വിരോധാഭാസമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News