കേരളത്തില്‍ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കി

ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ച്, 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായതെന്ന് ആരോഗ്യമന്ത്രി

Update: 2021-08-16 15:29 GMT
Advertising

സംസ്ഥാനത്തെ ആകെ ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 2021ലെ പ്രൊജക്റ്റഡ് പോപ്പുലേഷനായ 3.54 കോടി അനുസരിച്ച് 50.25 ശതമാനം പേര്‍ക്കാണ് (1,77,88,931) ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ജനുവരി 16ന് സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിച്ച് 213 ദിവസം കൊണ്ടാണ് ഈ ലക്ഷ്യം കൈവരിക്കാനായതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വാക്‌സിനേഷന്‍ യജ്ഞത്തിനായി അവധി പോലും മാറ്റിവച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,45,13,225 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,77,88,931 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 67,24,294 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്. 50.25 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 61.98 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 23.43 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാളും വളരെ കൂടുതലാണ്. കൂടാതെ, രണ്ടാം ഡോസ് ലഭിച്ചവരുടെ ശതമാനം ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതുവരെ ഇന്ത്യയില്‍ 130 കോടി ജനങ്ങളില്‍ 42,86,81,772 പേര്‍ക്ക് ഒന്നാം ഡോസും (32.98) 12,18,38,266 പേര്‍ക്ക് രണ്ടാം ഡോസും (9.37) ഉള്‍പ്പെടെ 55,05,20,038 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു. 

സ്തീകളാണ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ മുന്നിലുള്ളത്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് 1,27,53,073 ഡോസ് സ്ത്രീകള്‍ക്കും, 1,17,55,197 ഡോസ് പുരുഷന്‍മാര്‍ക്കുമാണ് നല്‍കിയത്. 18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 75,27,242 ഡോസും, 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് 83,31,459 ഡോസും, 60 വയസിന് മുകളിലുള്ളവര്‍ക്ക് 86,54,524 ഡോസുമാണ് നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്ത് ആഗസ്റ്റ് ഒമ്പതു മുതലാണ് വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഈ തിങ്കളാഴ്ച വരെ ആകെ 27,61,409 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. തിങ്കള്‍ 2,54,409, ചൊവ്വ 99,528, ബുധന്‍ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246, ഞായര്‍ 3,29,727 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ യജ്ഞം നടത്തിയത്. അതേസമയം, ഇന്ന് 3,39,930 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 1351 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 363 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1714 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.

Full View


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News