'അമേരിക്കയെ പ്രീണിപ്പിക്കാനാണ് ഇന്ത്യ ഇസ്രായേലിനൊപ്പം ചേർന്നത്'; മുഖ്യമന്ത്രി

മലപ്പുറത്തെ ഫലസ്തീൻ അനുകൂല പ്രകടനത്തിൽ വിശദീകരണം തേടുന്നത് പോലും ശരിയല്ലെന്നും കോൺഗ്രസ് ഇത്രമാത്രം അധഃപതിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

Update: 2023-11-08 13:53 GMT
Advertising

തിരുവനന്തപുരം: അമേരിക്കയെ പ്രീണിപ്പിക്കാനാണ് ഇന്ത്യ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യൻ ഗവൺമെന്‍റ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അതിന്‍റെ ഭാഗമായാണ് ഇസ്രായേലിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീനെ എല്ലാവരും പിന്തുണക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുസ്‍ലിം ലീഗിന്‍റെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐകൃദാർഢ്യ റാലി നല്ല കാര്യമാണ്. സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ പരിരപാടിയിൽ പങ്കെടുക്കാൻ ലീഗ് കഷ്ടപ്പെടുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.


മലപ്പുറത്തെ ഫലസ്തീൻ അനുകൂല പ്രകടനത്തിൽ വിശദീകരണം തേടുന്നത് പോലും ശരിയല്ലെന്നും കോൺഗ്രസ് ഇത്രമാത്രം അധഃപതിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

'ഫലസ്തീനെ എല്ലാവരും പിന്തുണക്കുകയാണ് വേണ്ടത്. പൊതുവായി രാജ്യം ആദ്യം സ്വീകരിച്ച നിലപാട് അതായിരുന്നു. എന്നാൽ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ആ നിലപാടിൽ നിന്ന് ചിലർ മാറി. നെഹ്റു ഇന്ത്യൻ പ്രധാനമന്ത്രി ആയിരിക്കെ തന്നെ അതിശക്തമായി സാമ്രാജിത്വ വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഫലസ്തീൻ അനുകൂല നിലപാടാണ് പ്രഖ്യാപിതമായി ഇന്ത്യാ ഗവൺമെന്‍റ് പാലിച്ച് പോന്നിരുന്നത് . എന്നാൽ അതിൽ പിന്നീട് മാറ്റം വന്നു. എന്നാൽ അത് ഇപ്പോഴല്ല. നരസിംഹ റാവു പ്രധാനമന്ത്രിയായിരിക്കെയാണ് ആ നിലപാടിൽ മാറ്റം വരുന്നത്. നേരത്തെ ഇസ്രായേലുമായി ഒരു ബന്ധവുമില്ലാത്ത രാജ്യമായിരുന്നു നമ്മുടേത്. എന്നാൽ ആ സമയത്ത് ഇസ്രായേലുമായി കൂടുതൽ അടുക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങി. ആ ബന്ധം ഇപ്പോള്‍ അതിന്‍റെ പരമോന്നത തലത്തിൽ എത്തി. അതിന്‍റെ യഥാർത്ഥകാരണം അമേരിക്കയെ പ്രീണിപ്പിക്കലാണ്. അമേരിക്കൻ താൽപര്യത്തിന് അനുസരിച്ചാണ് ഇന്ത്യൻ ഗവൺമെന്‍റ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ താൽപര്യത്തെ അംഗീകരിക്കുന്നത് കൊണ്ട് ഇസ്രായേലിനൊപ്പം എന്ന നിലപാടാണ് ഇന്ത്യ സ്വീകരിക്കുന്നത്. അതിന്‍റെ ഭാഗമായി ഫലസ്തീനെ തള്ളുകയും അവർക്ക് സ്വന്തം ഭൂമിയും കിടപ്പാടവും ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കുകയുമാണ്. ഫലസ്തീന് ലോകമാകെയുള്ള ജനങ്ങള്‍ പിന്തുണ നൽകുന്നു. എന്നാൽ ഇത്തരത്തിലുള്ള ഭരണാധികാരികള്‍ അതിനെതിരെ പ്രവർത്തിക്കുന്നു. അമേരിക്കയിലായാലും യൂറോപ്പിലായാലും ഏത് രാജ്യത്തായാലും ഫലസ്തീന് അനുകൂലമായ വലിയ പ്രകടനങ്ങള്‍ നടക്കുകയാണ്. എന്നാൽ നമ്മുടെ രാജ്യത്ത് ഈ പ്രഖ്യാപിത നിലപാടിൽ നിന്നും പലപ്പോഴും മാറി സഞ്ചരിക്കുന്നവരുണ്ട്'- പിണറായി വിജയൻ.


മുസ്‍ലിം ലീഗിന്‍റെ നേതൃത്വത്തിൽ നടന്ന ഫലസ്തീൻ ഐകൃദാർഢ്യ റാലി നല്ല കാര്യമാണ്. സി.പി.എം സംഘടിപ്പിക്കുന്ന റാലിയിൽ ഞങ്ങളെ ക്ഷണിച്ചാൻ ഞങ്ങള്‍ പങ്കെടുക്കും എന്ന് ലീഗിന്‍റെ നേതാവ് പറഞ്ഞിരുന്നു. അത് ആരുടെയും സമ്മർദത്തിന് വഴങ്ങിയല്ല. അതുകൊണ്ട് തന്നെ തങ്ങള്‍ക്ക് അതിൽ പ്രതികരിക്കേണ്ട ആവശ്യമുണ്ട്. എന്നാൽ ആ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ലീഗ് കുറച്ച് കഷ്ടപ്പെടേണ്ടി വരുമെന്ന് തനിക്ക് അറിയാമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ലീഗ് ഇല്ലെങ്കിൽ യു.ഡി.എഫ് ഇല്ലെന്നും കേരളത്തിലെ യു.ഡി.എഫിന്‍റെ അടിസ്ഥാനം ലീഗാണ്. അതുകൊണ്ട് അക്കാര്യത്തിൽ യാതൊരു വ്യാമോഹവും ഇല്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്നത്തെ യു.ഡി.എഫിന്‍റെ നിലവെച്ച് ലീഗിന് പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.


ഫലസ്തീൻ അനുകൂല പ്രകടനത്തിൽ വിശദീകരണം തേടുന്നത് പോലും ശരിയല്ലെന്നും കോൺഗ്രസ് ഇത്രമാത്രം അധഃപതിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്യാടൻ ഷൌക്കത്ത് സി.പി.എമ്മിലേക്ക് വരുമോ എന്ന ചോദ്യത്തിന് എതെങ്കിലും ഭാഗത്ത് നിന്ന് ഓരോരുത്തരെ കിട്ടുമോ എന്ന് നോക്കുന്ന ഗതികെട്ട പ്രസ്ഥാനമല്ല സി.പി.എം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസിനുള്ളിൽ തന്നെ സാമ്രാജിത്വ നിലപാട് സ്വീകരിക്കണം, ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിക്കണം എന്നിങ്ങനെ രണ്ടായി ചിന്തിക്കുന്നവരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News