ഒന്നാം പിണറായി സര്‍ക്കാര്‍ കാലത്തെ കസ്റ്റഡി മരണങ്ങള്‍, മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍: സൗജന്യ നിയമ സഹായവുമായി ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്

സംസ്ഥാന വ്യാപകമായി സൗജന്യ ലീഗല്‍ എയ്ഡ് കമ്മിറ്റികള്‍ക്കു രൂപം നല്‍കിയതായും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്

Update: 2021-08-07 12:09 GMT
Editor : ijas

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തു നടന്ന പൊലീസ് കസ്റ്റഡി മരണങ്ങള്‍, മാവോയിസ്റ്റ് വ്യാജ ഏറ്റുമുട്ടല്‍, സംസ്ഥാനത്തു സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വ്യാപകമായ അതിക്രമങ്ങള്‍ എന്നീ കേസുകളില്‍ ഇരകള്‍ക്കു സൗജന്യ നിയമ സഹായം നല്‍കുന്നതായി ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ്. സംസ്ഥാന വ്യാപകമായി സൗജന്യ ലീഗല്‍ എയ്ഡ് കമ്മിറ്റികള്‍ക്കു രൂപം നല്‍കിയതായും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് അറിയിച്ചു.

കഴിഞ്ഞ ഇടതുഭരണത്തില്‍ ഏഴ് കസ്റ്റഡി മരണങ്ങള്‍ നടന്നതില്‍ ഇടുക്കിയിലെ ഒരു മരണം മാത്രമേ ജുഡീഷ്യല്‍ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിച്ചുള്ളൂവെന്ന് ലോയേഴ്സ് കോണ്‍ഗ്രസ് പറഞ്ഞു. ആ റിപ്പോര്‍ട്ടിന്‍റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ഇരയുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം നഷ്ടപരിഹാരം നല്‍കിയതായും മറ്റു കസ്റ്റഡി മരണങ്ങളുടെ കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കണമെന്നും ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്‍റ് അഡ്വ. ടി.അസഫ് അലി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Advertising
Advertising

കഴിഞ്ഞ ഇടതുഭരണത്തിന് കീഴില്‍ എട്ട് മാവോയിസ്റ്റുകള്‍ വ്യാജ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. സംസ്ഥാന പൊലീസ് പ്രതി സ്ഥാനത്തുള്ള കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന സുപ്രീം കോടതി വിധിയുണ്ടായിട്ടും ഒരു കേസ് പോലും കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിച്ചില്ല. മാവോയിസ്റ്റുകള്‍ തുരുതുരാ വെടിവെച്ചെന്നും അതിനെ തുടര്‍ന്ന് വെടിവെക്കേണ്ടി വന്നതാണെന്നുമുള്ള പൊലീസ് ഭാഷ്യം തികച്ചും അസംഭവ്യമാണെന്നതിനുള്ള തെളിവാണ് ഈ കേസുകളിലൊന്നും പൊലീസിനോ പൊലീസ് വാഹനത്തിനോ യാതൊരു പരിക്കും സംഭവിച്ചിട്ടില്ലായെന്നുള്ളതെന്നും അതിനാല്‍ തന്നെ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട കേസ് മുഴുവനും സി.ബി.ഐ അന്വേഷണം നടത്തണമെന്നും സര്‍ക്കാരിനോട് ലോയേഴ്സ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇതില്‍ വീഴ്ച്ച വരുത്തുന്ന പക്ഷം ഇരകള്‍ക്കു ലോയേഴ്സ് കോണ്‍ഗ്രസ് സൗജന്യ നിയമ സഹായം നല്‍കുമെന്നും സംഘടന അറിയിച്ചു.

സൗജന്യ നിയമ സഹായത്തിനായി ജില്ലാതലത്തില്‍ ഏക്സിക്യൂട്ടീവ് കോ-ഓര്‍ഡിനേറ്റര്‍മാരെയും ഹൈക്കോടതിയില്‍ മൊഫ്യൂസല്‍ കോടതികള്‍ കേന്ദ്രീകരിച്ചു സംസ്ഥാന തലത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെയും നിയമിച്ചതായും ലോയേഴ്സ് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News