കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി; നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവ് പി.എ ഷംനാസിനെതിരെ അന്വേഷണം

നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാന്‍ ഉത്തരവിട്ട അതേ കോടതിയാണ്, ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേടിയതാണെന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്.

Update: 2025-07-29 13:50 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കി നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ നിര്‍മാതാവ് പിഎ ഷംനാസിനെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. വൈക്കം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇയാള്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. കോടതിയില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിനും കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകള്‍ ഹാജരാക്കിയതിനും എതിരായാണ് അന്വേഷണം.

ആക്ഷന്‍ ഹീറോ ബിജു-2 എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2023ല്‍ നിവിന്‍ പോളി, സംവിധായകന്‍ എബ്രിഡ് ഷൈന്‍, തലയോലപ്പറമ്പ് സ്വദേശി ഷംനാസ് എന്നിവര്‍ ഒപ്പിട്ട കരാറില്‍ സിനിമയുടെ എല്ലാത്തരം അവകാശങ്ങളും നിവിന്‍ പോളിയുടെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയറിനായിരുന്നു. ഇക്കാര്യം മറച്ച് വച്ച് ഫിലിം ചേംബറില്‍ നിന്നും ചിത്രത്തിന്‍റെ പേരിന്‍റെ അവകാശം ഷംനാസ് സ്വന്തമാക്കി. ഇതിനായി നിവിന്‍ പോളിയുടെ ഒപ്പ് വ്യാജമായി ചേര്‍ത്ത രേഖ ഹാജരാക്കുകയും ചെയ്തു. ഫിലിം ചേംബറില്‍ നിന്നും കിട്ടിയ രേഖ ഹാജരാക്കി സിനിമയുടെ പൂര്‍ണ അവകാശം തനിക്കാണെന്ന് ഷംനാസ് വൈക്കം കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ അവകാശപ്പെട്ടു. ഈ കേസില്‍ നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാനുള്ള ഉത്തരവ് നേടുകയും ചെയ്തു.

ഇതിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കും വിധം രേഖകളാണ് ഹാജരാക്കിയതെന്ന് ബോധ്യപ്പെട്ട കോടതി, ഷംനാസിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. നിവിന്‍ പോളിക്കെതിരെ എഫ്ഐആര്‍ ഇടാന്‍ ഉത്തരവിട്ട അതേ കോടതിയാണ്, ആ വിധി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ നേടിയതാണെന്ന് പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പിൽ പുതിയ അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News