ഉത്സവ സീസണിൽ യാത്രക്കാരെ വലച്ച് ഐആര്‍സിറ്റിസി തത്കാൽ ബുക്കിങ്; ടിക്കറ്റ് കിട്ടുന്നില്ല
രാവിലെ 10 മണി മുതൽ ഐആർസിടിസി സൈറ്റിൽ പ്രവേശിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി
Representational Image
തിരുവനന്തപുരം: ഉത്സവ സീസണിൽ ട്രെയിൻ യാത്രക്കാരെ വലച്ച് തത്കാൽ ബുക്കിങ്. പുതിയ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയിട്ടും യാത്രക്കാർക്ക് ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നില്ല. രാവിലെ 10 മണി മുതൽ ഐആർസിടിസി സൈറ്റിൽ പ്രവേശിക്കാൻ പോലും സാധിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി.
ഒടിപി സംവിധാനം നടപ്പാക്കിയതോടെ സൈറ്റ് പൂർണമായും തകരാറായെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അതിവേഗ ഇന്‍റര്‍നെറ്റ് ഉപയോഗിച്ചാലും സൈറ്റിലും ആപ്പിലും ടിക്കറ്റ് ലഭിക്കുന്നില്ല.
തത്കാല്‍ ബുക്കിങ് വിൻഡോ തുറക്കുന്ന ആദ്യ 10 മിനിറ്റിൽ ആധാർ ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ നടത്തുന്ന ഓൺലൈനിൽ ബുക്കിങ്ങിനാണ് മുൻഗണന. ഐആർസിടിസിയുടെ അംഗീകൃത ഏജൻസികൾക്ക് പോലും ഈ സമയത്ത് ബുക്ക് ചെയ്യാൻ കഴിയാത്ത വിധമാണ് പുതിയ ക്രമീകരണം.
എസി ക്ലാസിൽ ഈ ആദ്യ 10 മിനിറ്റിലാണ് തത്കാല്‍ ടിക്കറ്റുകളിൽ 62.5 ശതമാനവും (67,159 എണ്ണം) ബുക്ക് ചെയ്യപ്പെടുന്നത്. നോൺ എസി ക്ലാസിൽ ഇത് 66.4 ശതമാനമാണ്. ഈ സമയത്തെ ബൾക്ക് ബുക്കിങ് ദുരുപയോഗം തടയുകയാണ് ലക്ഷ്യം.ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകൾ വഴി പ്രതിദിനം 2,25,000 യാത്രക്കാര്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍.