Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരായ ക്രിമിനലുകള്‍ക്ക് പിന്നിലുള്ള ഗൂഢാലോചനക്കാരനെ കണ്ടെത്തുന്നതിന് പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കെ.കെ രമ എംഎല്‍എ. ഗൂഢാലോചനയില്‍ അകപ്പെട്ട ആളുകളെ രക്ഷപ്പെടുത്തുന്നതിനായി ഭരണരംഗത്ത് നിന്നുള്ള ഇടപെടലുകളുണ്ടായിട്ടുണ്ട്. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് കൃത്യം ചെയ്തതെന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടും ആ തെളിവുകള്‍ സമര്‍പ്പിച്ചുകൊണ്ട് വിധി അനുകൂലമാക്കിയെടുക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും കെ.കെ രമ പറഞ്ഞു.
'പ്രതികളെ രക്ഷപ്പെടുത്തുന്നതിനായി ഭരണകൂടം ശ്രമം നടത്തി. കുറ്റവിമുക്തനാക്കിയതോടെ ഇനി എന്തുവേണമെങ്കിലും അദ്ദേഹത്തിന് പറയാമല്ലോ. കേരളത്തിലെ നീതിബോധമുള്ള പൊതുസമൂഹം അതിജീവിതയ്‌ക്കൊപ്പമാണ്. വിധിയില്‍ ഗൂഢാലോചന തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കിലും അവര്‍ ചരിത്രത്തിന്റെ ഭാഗമാണ്. അവര്‍ നടത്തിയ നിശ്ചയദാര്‍ഡ്യത്തോടെയുള്ള പ്രതികരണമാണ് കേസ് ഇവിടെവരെ എത്തിച്ചത്.
അധികാരവും പണവുമുണ്ടെങ്കില്‍ എന്തും നടക്കുമെന്നാണ് ഇന്നത്തെ വിധിയിലൂടെ മനസ്സിലാക്കാനാകുന്നത്. നീതി തേടിയലയുന്ന മനുഷ്യര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധിയാണ് പുറത്തുവന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി ഇന്ന് കണ്ടെത്തിയിരുന്നു. എട്ടാം പ്രതിയായ ദിലീപടക്കം നാല് പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു. ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് ദിലീപ് കുറ്റവിമുക്തനാണെന്ന് കോടതി വിധിച്ചത്.