നീറ്റ് പരീക്ഷയ്ക്കിടെ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചത് നിരുത്തരവാദപരം: മന്ത്രി ആർ. ബിന്ദു

നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതി

Update: 2022-07-18 13:00 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടി നിരുത്തരവാദപരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിവരമറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ പ്രതിഷേധമറിയിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

പരീക്ഷാ നടത്തിപ്പിന് നിയോഗിച്ച ഏജൻസിയുടെ ഭാഗമായവരാണ് പരിശോധന നടത്തിയത്. ഏജൻസിയുടെ ഭാഗത്തുനിന്ന് വൻ പിഴവാണ് ഉണ്ടായിരിക്കുന്നത്. മാനസികമായുണ്ടായ പരിക്ക് പരീക്ഷയെ ബാധിക്കുമെന്ന് ഉറപ്പാണ്. അടിസ്ഥാന മനുഷ്യാവകാശം പോലും പരിഗണിക്കാതെയുള്ള ഇങ്ങനെയൊരു പ്രവൃത്തി തീർത്തും നിരുത്തരവാദപരമാണ്.സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ അതൃപ്തി കേന്ദ്ര മന്ത്രാലയത്തെ അറിയിക്കും. ഭാവിയിൽ ഇതുപോലുള്ള സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രതയുണ്ടാവണമെന്ന് ആവശ്യപ്പെടും - മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനിയെ, പരീക്ഷയ്ക്ക് മുമ്പായി അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്നാണ് പരാതി. കൊല്ലം ആയൂരിലെ ഓയൂർ മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫോർമേഷൻ ടെക്നോളജിയിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനി റൂറൽ എസ്.പിക്ക് പരാതി നൽകി. പരീക്ഷയ്ക്കെത്തിയ ഭൂരിഭാഗം വിദ്യാർഥിനികൾക്കും സമാനമായ അനുഭവമുണ്ടായതായി രക്ഷിതാവ് ആരോപിച്ചു. പരീക്ഷ എഴുതാനായി സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾ ഒരു വനിതാ ഉദ്യോഗസ്ഥ കുട്ടിയെ തടഞ്ഞുനിർത്തി സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ചു. അടിവസ്ത്രം മുഴുവൻ ഊരി വയ്ക്കണമെന്ന് വിദ്യാർഥിനിയോട് ആവശ്യപ്പെടുകയും ചെയ്തു.

നൂറിലധികം പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മെറ്റൽ വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് വിശദീകരണം. സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി വിദ്യാർഥിനികൾ പറഞ്ഞു. പരീക്ഷയ്ക്ക് ശേഷം കൂട്ടിയിട്ട നിലയാണ് അടിവസ്ത്രങ്ങൾ ലഭിച്ചതെന്നും പരാതിയിൽ പറയുന്നു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News