സാദിഖലി തങ്ങളെ പ്രകീർത്തിച്ച് ജന്മഭൂമി മുഖപ്രസംഗം; പ്രശംസ അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ച പ്രസംഗത്തിന്

അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടില്‍ പുതുമയുണ്ട്

Update: 2024-02-07 05:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: അയോധ്യയിലെ രാമക്ഷേത്രത്തെ പിന്തുണച്ചുളള സാദിഖലി തങ്ങളുടെ പ്രസംഗത്തിൽ സാദിഖലി തങ്ങളെയും ലീഗിനെയും പ്രകീർത്തിച്ച് ആർ.എസ്.എസ് പത്രം. ലീഗ് നിലപാട് ശരിയായതും സ്വാഗതാർഹവുമെന്ന് ജന്മഭൂമിയുടെ മുഖപ്രസംഗം. അയോധ്യയിലെ രാമക്ഷേത്രം മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്ന ലീഗ് നിലപാടില്‍ പുതുമയുണ്ട്. ലീഗ് നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

ഭാരതത്തിന്‍റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ഈ രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്‍ലിം ലീഗിന്‍റെ നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകകരവുമാണ്. രാമക്ഷേത്ര നിര്‍മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് മുസ്‍ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്‍റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും ലീഗിലെ അവസാനവാക്കായി കരുതപ്പെടുന്ന അതിന്‍റെ പരമോന്നത നേതാവുതന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്

രാമക്ഷേത്രത്തോടുള്ള മുസ്‍ലിം ലീഗിന്‍റെ നിലപാടുമാറ്റം വൈകിയുദിച്ച വിവേകമായി കാണുന്നവരുണ്ടാവാം. എന്നാല്‍ നല്ല കാര്യങ്ങള്‍ എപ്പോള്‍ ചെയ്താലും വൈകിയെന്ന് പറയാനാവില്ല. സംസ്ഥാനത്ത് മുസ്‍ലിംങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും രാഷ്‌ട്രീയപാര്‍ട്ടികളുമുണ്ട്. മതവിശ്വാസികളായ മുസ്‍ലിംങ്ങളെ ഏറ്റവും കൂടുതല്‍ പ്രതിനിധീകരിക്കുന്നത് മുസ്‍ലിം ലീഗാണ്. രാഷ്‌ട്രീയത്തിലും ഭരണത്തിലും അവര്‍ പ്രബല ശക്തിയുമാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുടെ കരുത്തുപോലും ലീഗാണ്. സമുദായത്തിലും രാഷ്‌ട്രീയത്തിലുമുള്ള ലീഗിന്‍റെ ഈ സ്ഥാനം പിടിച്ചെടുക്കാനാണ് മതത്തിന്‍റെ പേരില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ചില സംഘടനകള്‍ നോക്കുന്നത്. ഇക്കാര്യത്തില്‍ ചിലപ്പോഴൊക്കെ ലീഗിന് ആശങ്കയുള്ളതായും തോന്നിയിട്ടുണ്ട്. ഇവരോട് മത്സരിക്കേണ്ട സ്ഥിതിയുമുണ്ട്. അതൊക്കെ എന്തുതന്നെയായിരുന്നാലും അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ കാര്യത്തില്‍ എടുത്തിട്ടുള്ള നിലപാട് ഗുണപരമായ ചില മാറ്റങ്ങള്‍ക്ക് വഴിയൊരുക്കാനുള്ള സാധ്യതയുണ്ട്.

രാമക്ഷേത്രം മുസ്‍ലിംങ്ങള്‍ക്കെതിരല്ലെന്നും തര്‍ക്കമന്ദിരം മസ്ജിദായി കരുതുന്നുവെങ്കില്‍ അത് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്നതാണെന്നും അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ തുടക്കംമുതല്‍ പറയുന്നതാണ്. സുപ്രീംകോടതി വിധിയുടെ അന്തഃസത്തയും ഇതുതന്നെയായിരുന്നല്ലോ. മുസ്‍ലിം ലീഗിനെപ്പോലെ ഒരു കക്ഷി ഈ നിലപാടിലേക്ക് എത്തിച്ചേര്‍ന്നതില്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലയ്‌ക്ക് അത് ശരിയായ നിലപാടാണ്. അന്ധമായ ഹിന്ദുവിരോധം കൊണ്ടുനടക്കുന്നവരെ ലീഗിന്‍റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News