തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു

നൂറോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.

Update: 2022-04-23 10:49 GMT
Editor : abs | By : Web Desk
Advertising

എറണാകുളം: തിരക്കഥാകൃത്തും നിർമാതാവുമായ ജോൺപോൾ (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. നൂറോളം ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. നിരവധി ചലച്ചിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. മാക്ട സംഘടനയുടെ സ്ഥാപക ജനറൽ സെക്രട്ടറിയാണ്. ഫിലിംസൊസൈറ്റി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എട്ടു മണി മുതൽ പത്തു മണി വരെ എറണാകുളം ടൗൺഹാളിലും ശേഷം ചാവറ കൾച്ചറൽ സെന്റർ, മരടിലെ ഫ്‌ളാറ്റ് എന്നിവിടങ്ങളിലും പൊതുദർശനം നടക്കും. പിന്നീട് നാലുമണിക്ക് എളംകുളം സെന്റ് മേരീസ് പള്ളിയിൽ സംസ്‌കാരം നടക്കും.

പ്രണയമീനുകളുടെ കടൽ എന്ന കമൽ ചിത്രമാണ് ജോൺപോൾ ഏറ്റവും ഒടുവിൽ തിരക്കഥയെഴുതിയ മലയാളസിനിമ. സംവിധായകൻ ഭരതനുവേണ്ടിയാണ് ജോൺ പോൾ ഏറ്റവുമധികം തിരക്കഥകൾ എഴുതിയത്. ഐ.വി.ശശി, മോഹൻ, ജോഷി, കെ.എസ്.സേതുമാധവൻ, പി.എൻ. മേനോൻ, കമൽ, സത്യൻ അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ.മധു, പി.ജി.വിശ്വംഭരൻ, വിജി തമ്പി തുടങ്ങിയ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചു.

സ്‌കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു. ഐഷ എലിസബത്താണ് ഭാര്യ. മകൾ ജിഷ ജിബി. 

മധു ജീവിതം ദർശനം, ഒരു കടങ്കഥപോലെ ഭരതൻ, അടയാള നക്ഷത്രമായി ഗോപി, രുചി സല്ലാപം, പരിചായകം, പി.എൻ മേനോൻ-വിഗ്രഹഭജ്ഞകർക്കൊരു പ്രതിഷ്ഠ, പവിത്രം ഈ സ്മൃതി, സവിധം, കാലത്തിന് മുമ്പേ നടന്നവർ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ജോൺ പോൾ. കെയർ ഓഫ് സൈറാബാനു, ഗാങ്‌സറ്റർ എന്നീ സിനിമകളിൽ അഭിനേതാവായും ജോൺ പോൾ തിളങ്ങി.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News