'രാഹുൽ മാങ്കൂട്ടത്തിലെന്ന വിഴുപ്പ് കോൺഗ്രസ് ചുമക്കേണ്ട കാര്യമില്ല'; ജോസഫ് വാഴക്കൻ
'വ്യക്തികൾ ചെയ്യുന്ന തെറ്റ് അവർ തന്നെ അനുഭവിക്കണം'
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലെന്ന വിഴുപ്പ് കോൺഗ്രസ് ചുമക്കേണ്ട കാര്യമില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജോസഫ് വാഴക്കൻ.... വ്യക്തികൾ ചെയ്യുന്ന തെറ്റ് അവർ തന്നെ അനുഭവിക്കണം. രാഹുൽ രാജിവച്ചില്ലെങ്കിൽ പാർട്ടി നടപടി സ്വീകരിക്കണമെന്നും ജോസഫ് വാഴക്കൻ പറഞ്ഞു.
'കൃത്യമായ പരാതി കിട്ടാത്തത് കൊണ്ടാണ് നടപടിയെടുക്കുന്നതില്‍ പാര്‍ട്ടിയില്‍ താമസമുണ്ടായത്.എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തകളില്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. ഒന്നുകില്‍ രാജിവെച്ചു പോകുക,അല്ലെങ്കില്‍ പാര്‍ട്ടി നടപടി സ്വീകരിക്കുകയാണ് വേണ്ടത്.ഉപതെരഞ്ഞെടുപ്പ് വരുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഇപ്പോഴില്ല,കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ലേബലില്‍ ഒരു വ്യക്തി തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാനാവില്ല'- ജോസഫ് വാഴക്കൻ മീഡിയവണിനോട് പ്രതികരിച്ചു.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വി.ഡി സതീശൻ പ്രതികരിച്ചില്ല.കൊല്ലത്ത് നടന്ന ഫോർവേർഡ് ബ്ലോക്കിന്റെ പരിപാടിക്കാണ് പ്രതിപക്ഷ നേതാവ് എത്തിയത്.ചോദ്യങ്ങൾ കേൾക്കാത്ത മട്ടിൽ സതീശൻ മടങ്ങി.
എന്നാല്‍ രാഹുലിനെതിരായി ഉചിതമായ തീരുമാനം എടുക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് എം.എം ഹസൻ പ്രതികരിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയിൽ വൈകാതെ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ വിശദീകരണം തേടിയ ശേഷമാകും നടപടിയെടുക്കുക. വ്യക്തിപരമായ അഭിപ്രായമുണ്ടെങ്കിലും പരസ്യമായി പറയുന്നത് ശരിയല്ല.ഇത്തരം വിഷയങ്ങൾ പാർട്ടിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. യുവ നേതാക്കൾ വ്യക്തി ജീവിതത്തിൽ കുറേകൂടി ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജി വെച്ചില്ലെങ്കിൽ പുറത്താക്കണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഭരണപക്ഷത്തെ എംഎൽഎമാർക്കെതിരെയുള്ള ആരോപണത്തിന്റെ പേര് പറഞ്ഞ് ഇതിൽ നിന്ന് രക്ഷപെടാൻ നോക്കേണ്ടെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിനുണ്ടായ കാൻസറാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി അൻവർ പറഞ്ഞു. അപമാന ഭാരം കാരണമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടി പരാതി നൽകാത്തതെന്ന് സിപിഎം നേതാവ് പി.കെ ശ്രീമതിയും പ്രതികരിച്ചു.