ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനം: കേസിലേക്ക് സർക്കാറിനെ വലിച്ചിഴക്കുന്നത് ദേശീയ സുരക്ഷയിലെ പരാജയം മറച്ചുവെക്കാനുള്ള ബിജെപി ശ്രമം; സിപിഐ

രാഷ്ട്രീയപ്രേരിതമായ നീക്കമാണ് നടക്കുന്നതെന്ന് പി. സന്തോഷ്‌ കുമാർ എംപി പറഞ്ഞു

Update: 2025-07-07 08:31 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: പാകിസ്താനുമായി ബന്ധപ്പെട്ട ചാരപ്രവൃത്തി കേസിൽ അറസ്റ്റിലായ ഹരിയാനയിലെ യൂട്യൂബർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനത്തിൽ സർക്കാറിനെ വലിച്ചിഴക്കുന്നത് ദേശീയ സുരക്ഷയിലെ പരാജയം മറച്ചുവെക്കാനുള്ള ബിജെപി ശ്രമമെന്ന് സിപിഐ. രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് നടക്കുന്നതെന്ന് പി. സന്തോഷ്‌ കുമാർ എംപി പറഞ്ഞു.

ജ്യോതി മൽഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് സർക്കാരിനെതിരെ ആരോപണങ്ങൾ ഉയർന്നുവന്നത്. പണം നൽകിയതും യാത്രയും താമസം ഒരുക്കിയതും ടൂറിസം വകുപ്പാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പട്ടികയിൽപ്പെട്ട 41 പേരിൽ ഒരാളാണ് ജ്യോതി മൽഹോത്ര. അതേസമയം ജ്യോതി മൽഹോത്രയെ ബോധപൂർവം കൊണ്ടുവന്നതല്ലെന്നും ചാരപ്രവൃത്തി ഗുരുതര വിഷയമാണെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു.

Advertising
Advertising

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ കൈമാറിയ കേസിൽ നിലവില്‍ മൽഹോത്ര ജയിലിലാണ്. ബഡ്ജറ്റ് ഫ്രണ്ട്ലി കേരള യാത്രാ പ്ലാനെന്ന പേരിൽ തന്റെ ഏഴ് ദിവസത്തെ കേരള സന്ദർശനത്തിന്റെ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. കേരളത്തിലെ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, കൊച്ചി എന്നിങ്ങനെ കേരളത്തിലെ വിവിധയിടങ്ങൾ ജ്യോതി സന്ദർശിച്ചത് അവരുടെ വീഡിയോയിൽ കാണാം.

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12ലധികം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാർ സ്വദേശിനിയാണ്. ജ്യോതിയുടെ 'ട്രാവൽ വിത്ത് ജെഒ' എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്‌സ്‌ക്രൈബർമാരുണ്ട്. 450 ലധികം വീഡിയോകൾ ജ്യോതി തന്‍റെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News