കെ റെയില്‍ സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി

'വീണ്ടും ജനങ്ങളെ തെരുവിൽ ഇറക്കുന്നത് സർക്കാരിന്റെ കഴിവ് കേടാണ്'

Update: 2022-12-13 11:57 GMT
Advertising

കൊച്ചി : കെ റെയിലിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമരസമതി തീരുമാനം. പദ്ധതി പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോയാൽ അടുത്ത നിയമസഭാ സമ്മേളനത്തിന് ബഹുജനങ്ങൾ നിയമസഭ വളയും. ഒരു കോടി ഒപ്പുകൾ ശേഖരിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകും. വീണ്ടും ജനങ്ങളെ തെരുവിൽ ഇറക്കുന്നത് സർക്കാരിന്റെ കഴിവ് കേടാണെന്നും സമര സമിതി നേതാക്കൾ പറഞ്ഞു. ജനകീയ പ്രതിരോധത്തിന് മുന്നിലാണ് സർക്കാരിന് താൽക്കാലികമായി പിന്തിരിയേണ്ടിവന്നത്. ജനാധിപത്യപരമായ സമീപനങ്ങളില്ലാത്ത സർക്കാർ അത് അംഗീകരിക്കുന്നില്ല. ജനകീയ പ്രതിരോധത്തെ അവഗണിച്ച് പദ്ധതി നടപ്പാക്കാമെന്ന സർക്കാർ വ്യാമോഹം നടക്കില്ല. കേസുകൾ പിൻവലിച്ചില്ലെങ്കിൽ തൃക്കാക്കര തെരഞ്ഞെടുപ്പിൽ സംഭവിച്ചത് ആവർത്തിക്കുമെന്ന് സർക്കാർ മനസ്സിലാക്കണം. ഒരു കാരണവശാലും പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് സമരം മുന്നോട്ടുപോകുമെന്നും ഡോ.എം. പി മത്തായി പറഞ്ഞു.

സ്വകാര്യഭൂമിയിൽ കടന്നുകയറി നടത്തിയ സർക്കാർ സ്പോൺസേർഡ് ഗുണ്ടായിസമാണ് കെ റെയിൽ എന്ന് സർക്കാർ തന്നെ സമ്മതിച്ചിരിക്കുകയാണെന്ന് മുൻ എം എൽ എ ജോസഫ് എം പുതുശേരി പറഞ്ഞു. അതിനാൽ എല്ലാ കള്ളക്കേസുകളും പിൻവലിയ്ക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പോരാട്ടത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മാത്രം മുന്നൂറിലേറെ വിവരാവകാശ മറുപടികളാണ് നേടിയെടുത്തത് എന്ന് സംസ്ഥാന രക്ഷാധികാരി എം ടി തോമസ് പറഞ്ഞു. 

പദ്ധതിയും സമരക്കാർക്കെതിരെയായ കേസുകളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരുടെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ ഒരു കോടി ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിയ്ക്കും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും നിവേദനം നൽകും. പദ്ധതിയുമായി മുന്നോട്ട് പോയാൽ അടുത്ത തെരഞ്ഞെടുപ്പിൽ തൃക്കാക്കരയിലെ ഫലം ആവർത്തിക്കും എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് "കെ റെയിൽ വരില്ല കേട്ടോ, കേരളത്തിൽ തൃക്കാക്കര ആവർത്തിക്കും" എന്ന തലക്കെട്ടോടെ ശക്തമായ പ്രചരണം നടത്തുമെന്നും സമരസമിതി പറഞ്ഞു.


Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News