സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ ഇന്ന് പുനരാരംഭിക്കും; തടയുമെന്ന് സമരസമിതി

എറണാകുളം പിറവത്ത് ഉപഗ്രഹ സർവേക്കും കല്ലിടലിനുമായി ഇന്ന് ഉദ്യോഗസ്ഥർ എത്തുമെന്നാണ് സൂചന

Update: 2022-03-26 02:17 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാനത്ത് നിർത്തിവെച്ച കെ റെയിൽ സർവേ നടപടികൾ ഇന്ന് പുനരാരംഭിച്ചേക്കും. എറണാകുളം പിറവത്ത് ഉപഗ്രഹ സർവേക്കും കല്ലിടലിനുമായി ഇന്ന് ഉദ്യോഗസ്ഥർ എത്തുമെന്നാണ് സൂചന.

ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെയും കെ റെയിൽ വിരുദ്ധ സമര സമിതിയുടെയും തീരുമാനം. വൈകിട്ട് ചോറ്റാനിക്കരയിൽ എറണാകുളം ഡി.സി.സി വിശദീകരണയോഗം സംഘടിപ്പിക്കുന്നുണ്ട്. അതേസമയം പദ്ധതിക്കായി ദേശീയതലത്തില്‍ പ്രചാരണം നടത്താനാണ് ‍ സി.പി.എം കേന്ദ്ര കമ്മറ്റി തീരുമാനം.

ഇന്നലെ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കെ റെയില്‍ സര്‍വേ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. സാമൂഹിക ആഘാദ പഠനത്തിന് കല്ലിടുന്നതിനെതിരായ പ്രതിഷേധം സംസ്ഥാനമാകെ ദിവസങ്ങളായി തുടരുകയാണ്. പലയിടത്തും കല്ല് സ്ഥാപിക്കുന്നു പ്രതിഷേധക്കാര്‍ എടുത്തു കളയുന്നു എന്നതാണ് രീതി. ഇതിനിടയിലാണ് സംസ്ഥാനത്ത് ഒരിടത്തും ഇന്നലെ സര്‍വേ നടക്കാതിരുന്നത്.  സര്‍വേ ഉള്ളതായി  അറിയിച്ച ജില്ലകളിലെല്ലാം രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.

ഔദ്യോഗികമായി സര്‍വേ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കെ റെയില്‍ വിശദീകരണം. ഓരോ ജില്ലയിലെയും സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സര്‍വേ നടത്തുന്ന കേരള വോളന്‍ററി ഹെല്‍ത്ത് സർവീസ് പുതിയ സാഹചര്യത്തില്‍ സര്‍വേ പൂര്‍ത്തീകരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനും തീരുമാനിച്ചിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ് മുന്നില്‍ കണ്ടാണ് കെ റെയില്‍ സര്‍വേ നിര്‍ത്തിവച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News