ഗവർണർക്കെതിരായ സമരം നനഞ്ഞ പടക്കമാകും: കെ.സുരേന്ദ്രൻ

സുപ്രിംകോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാൻ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

Update: 2022-10-23 12:52 GMT
Advertising

കോഴിക്കോട്: സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയിൽ നാണംകെട്ടതിന്റെ ക്ഷീണം തീർക്കാനാണ് ഇടതുപക്ഷം ഗവർണർക്കെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണർക്കെതിരായ സമരം നനഞ്ഞ പടക്കമാകുമെന്നുറപ്പാണെന്നും സുപ്രിംകോടതിക്കെതിരെയാണോ തങ്ങളുടെ സമരം എന്നുകൂടി പറയാൻ മുഖ്യമന്ത്രിയും ഇടത് നേതാക്കളും തയ്യാറാകണമെന്നും സുരേന്ദ്രൻ പറഞ്ഞു.

സാങ്കേതിക സർവകലാശാലാ വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ തെരുവിൽ നേരിടാനാണ് ഉദ്ദേശമെങ്കിൽ തിരിച്ചും അത് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയ സർക്കാർ ഇപ്പോൾ വീണിടത്ത് കിടന്ന് ഉരുളുകയാണ്. അഴിമതിയും സ്വജനപക്ഷപാതവും ബന്ധുനിയമനങ്ങളും ചോദ്യം ചെയ്തതിനാണ് ഗവർണറെ ആർഎസ്എസുകാരനായി മുദ്രകുത്തുന്നത്. അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെല്ലാം ആർഎസ്എസാണെന്ന് സിപിഎം സമ്മതിച്ചിരിക്കുകയാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ ഗവർണർക്ക് ബിജെപിയുടെ പൂർണ പിന്തുണയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Full View

അതിനിടെ സംസ്ഥാനത്തെ ഒമ്പത് വി.സിമാരോടും ഗവർണർ രാജിയാവശ്യപ്പെട്ടു. നാളെ രാവിലെ 11.30ന് മുമ്പ് രാജിവെക്കണമെന്നാണ് ആവശ്യം. സാങ്കേതിക സർവകലാശാല വി.സിയെ അയോഗ്യയാക്കിയ സുപ്രിംകോടതി ഉത്തരവ് ആയുധമാക്കിയാണ് ഗവർണറുടെ നടപടി. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിക്ക് മുന്നിൽ ഒരു പേര് മാത്രമാണ് വെച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മറ്റു സർവകലാശാലകളിലും സമാനമായ രീതിയിലാണ് വി.സി നിയമനം എന്നതുകൊണ്ടാണ് ഗവർണർ ഇപ്പോൾ എല്ലാ വി.സിമാരോടും രാജിയാവശ്യപ്പെട്ടിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News