ജലനിരപ്പ് റെഡ് അലർട്ടിന് മുകളിൽ; കക്കയം ഡാം തുറന്നു

കുറ്റ്യാടി പുഴയിൽ 5 സെൻറീമീറ്റർ വെള്ളം ഉയരാൻ സാധ്യത

Update: 2022-08-09 13:18 GMT

കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിന് മുകളിലെത്തിയതിനാൽ ഒരു ഷട്ടർ തുറന്നു. ഷട്ടർ 10 സെന്റീമീറ്ററാണ് തുറന്നത്. സെക്കന്‍റില്‍ 8 ക്യുമിക് മീറ്റര്‍ വെള്ളമാണ് ഒഴുക്കിവിടുന്നത്. കുറ്റ്യാടി പുഴയിൽ 5 സെൻറീമീറ്റർ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഇരുകരകളിലുമുള്ളവർ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ നിർദേശിച്ചു.

അതേസമയം റൂൾ കർവിനും മുകളിൽ ജലനിരപ്പുയർന്നതോടെ എറണാകുളം ഇടമലയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. ഡാമിന്റെ രണ്ടുഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട് ഷട്ടറുകൾ 45 സെന്റി മീറ്ററുമാണ് ഉയർത്തിയത്. ജലനിരപ്പുയരുമെങ്കിലും പെരിയാർ തീരത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Advertising
Advertising

രണ്ട്,മൂന്ന് ഷട്ടറുകളാണ് ആദ്യഘട്ടത്തിൽ തുറന്നത്. ജലനിരപ്പ് തഴാത്തതിനാൽ ഉച്ചക്ക് ശേഷം ഒന്ന്,നാല് ഷട്ടറുകൾ കൂടി തുറന്നു. ഡാമിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 350 ക്യുമെക്‌സ് വരെയാക്കി. ആനക്കയം,കുട്ടമ്പുഴ വഴി ഭൂതത്താൻകെട്ടിലേക്കും അവിടെ നിന്ന് മലയാറ്റൂർ,കാലടി ,ആലുവ വഴിയുമാണ് വെള്ളം ഒഴുകുക. ഇടമലയാർ, ഇടുക്കി ഡാമുകളിലെ വെള്ളം ഒഴുകി എത്തിയതോടെ പെരിയാറിന്റെ തീരത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 139 അടി പിന്നിട്ടതോടെ ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിത്തുടങ്ങിയതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ 85 കുടുംബങ്ങളോട് സുരക്ഷയിടങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി. മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു. മഞ്ചുമല കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.

ജാഗ്രതാ നിർദ്ദേശം നൽകിയതോടെ പ്രദേശവാസികൾ സുരക്ഷിത യിടങ്ങളിലേക്ക് മാറിത്തുടങ്ങി. വൃഷ്ടിപ്രദേശങ്ങളി മഴ കുറഞ്ഞില്ലെങ്കിൽ ഡാമുകളിൽ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. അങ്ങനെ വന്നാൽ കൂടുതലാളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News