കളമശ്ശേരി മെഡി. കോളജിലെ ലിഫ്റ്റ് നിർമാണം ഇനിയും പൂർത്തിയായില്ല

കാലടി സ്വദേശിയുടെ മൃതദേഹം രണ്ടാംനിലയിൽനിന്ന് കോണിപ്പടി വഴി ഇറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മെഡിക്കൽ കോളജിൽ ലിഫ്റ്റ് പ്രവർത്തനരഹിതമാണെന്ന വിവരം ആശുപത്രി അധികൃതർ സമ്മതിക്കുന്നത്

Update: 2022-12-24 02:05 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: വിവാദമുയർന്നിട്ടും കളമശ്ശേരി മെഡിക്കൽ കോളജിലെ ലിഫ്റ്റ് നിർമാണം ഇനിയും പൂർത്തിയായില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടിലാകുന്നത്. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

കാലടി സ്വദേശിയുടെ മൃതദേഹം രണ്ടാംനിലയിൽനിന്ന് കോണിപ്പടി വഴി ഇറക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മെഡിക്കൽ കോളജിൽ ലിഫ്റ്റ് പ്രവർത്തനരഹിതമാണെന്ന വിവരം ആശുപത്രി അധികൃതർ സമ്മതിക്കുന്നത്. ലൈസൻസ് ലഭിക്കാത്തതാണ് ലിഫ്റ്റ് പ്രവർത്തനസജ്ജമാകാതിരിക്കാനുള്ള കാരണമെന്നായിരുന്നു മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വാദം.

എന്നാൽ, ലൈസൻസിന് ഇതുവരെ മെഡിക്കൽ കോളജ് അധികൃതർ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറ്റേറ്റിനെ സമീപിച്ചിട്ടുപോലുമില്ല. വിവാദങ്ങൾ ഉയരുമ്പോൾ അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് മെഡിക്കൽ കോളജിന്റെ ഭാഗത്തുനിന്ന് സ്ഥിരമായി ഉണ്ടാകുന്നതെന്ന ആരോപണം ശക്തമാണ്.

ലിഫ്റ്റ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഏറെ ബാധിക്കുന്നത് അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെയാണ്. രണ്ടുമാസത്തിലേറെയായി ഈ പ്രശ്‌നം ഇവർ അനുഭവിക്കുന്നു. നേരത്തെയും മൃതദേഹം കോണിപ്പടി വഴി ഇറക്കേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്ന് ചില ഡോക്ടർമാരും സമ്മതിക്കുന്നുണ്ട്. വിഷയത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ യൂത്ത് കോൺഗ്രസിന്റെ നേതൃത്യത്തിൽ നടന്ന സമരം പൊലീസ് തടഞ്ഞിരുന്നു. ബി.ജെ.പിയും വൈകീട്ട് സമരവുമായെത്തി. ഇന്നും വിവിധ പാർട്ടികളുടെ നേതൃത്വത്തിൽ സമരം ശക്തമായേക്കും.

Summary: The construction of the lift at Kalamassery Medical College is still not completed amid controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News