അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച
അർബുദ രോഗ ബാധിതയായിരുന്ന കാനത്തില്‍ ജമീല ഇന്നലെ രാത്രി 8.40 ഓടെയാണ് മരിച്ചത്
കോഴിക്കോട്: ശനിയാഴ്ച അന്തരിച്ച കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീലയുടെ ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് ആറിന് അത്തോളി കുനിയില്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ നടക്കും. ചൊവ്വാഴ്ച രാവിലെ വരെ മൃതദേഹം കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ സൂക്ഷിക്കും. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും കൊയിലാണ്ടി ടൗൺഹാളിലും തലക്കുളത്തൂരിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും. തുടർന്ന് തലക്കുളത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.
അർബുദ രോഗ ബാധിതയായിരുന്ന കാനത്തില്‍ ജമീല ഇന്നലെ രാത്രി 8.40 ഓടെയാണ് മരിച്ചത്. സിപിഎമ്മിന്റെ സൗമ്യ മുഖമായ വനിതാ നേതാവായിരുന്നു കാനത്തില്‍ ജമീല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നു തുടങ്ങി എംഎല്‍എ വരെ എത്തിയ കാനത്തില്‍ പൊതു പ്രവർത്തക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജമീല വനിതാ നേതാക്കള്‍ക്ക് മാതൃകയായിരുന്നു.
മലബാറില്‍ നിന്നുള്ള ആദ്യ മുസ്‍ലിം എംഎല്‍എ കോഴിക്കോട്ടെ സിപിഎമ്മിന്റെ മുസ്‍ലിം വനിതാ മുഖം, ത്രിതലപഞ്ചായത്തിന്‍റെ എല്ലാ മേഖലയിലും ഭരണത്തിന് നേതൃത്വം നല്കിയ വനിത,രാഷ്ട്രീയ ഭേദമന്യേ ജനങ്ങളുമായി സൗമ്യതയോടെ ഇടപഴകിയ ജനനേതാവ്...കാനത്തില്‍ ജമീലക്ക് വിശേഷണങ്ങള്‍ നിരവധിയാണ്.
ജനകീയ എംഎല്‍എ ആയി പ്രവർത്തിക്കുന്നതിനിടെയാണ് അർബുദം രോഗം പിടിപെടുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലും കോഴിക്കോട്ടെസ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തുടർന്നു. ചികിത്സയുടെ ഇടവേളകളില്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തിലെ പരിപാടികളില്‍ സജീവമായിരുന്നു കാനത്തില്‍ ജമീല. കെ അബ്ദുറഹ്മാനാണ് ഭർത്താവ്. ഐറിജ് റഹ്മാന്‍, അനുജ സുഹൈബ് എന്നിവരാണ് മക്കള്‍.