ചെറുപ്രായത്തിൽ ഖുർആൻ മനഃപാഠമാക്കി കാന്തപുരത്തിന്റെ പേരക്കുട്ടി

കോവിഡ് കാലത്ത് ഉമ്മ അസ്മയിൽനിന്ന് ഇമാം ശാഫിയെക്കുറിച്ച് കേട്ട ചരിത്ര ഭാഗങ്ങളാണ് പത്തുവയസ്സുകാരിയായ ആയിഷക്ക് പ്രചോദനമായത്

Update: 2022-04-28 16:00 GMT
Editor : afsal137 | By : Web Desk
Advertising

കോഴിക്കോട്: ചെറുപ്രായത്തിൽ ഖുർആൻ മുഴുവൻ മനഃപാഠമാക്കി എ.പി അബൂബക്കർ മുസ്ലിയാരുടെ പേരക്കുട്ടി അയിഷ ഇസ്സ. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയുടെ മകൾ അസ്മയുടെയും പൂനൂർ മങ്ങാട് വൈലാങ്കര വി.എം. റഷീദ് സഖാഫിയുടെയും മകളാണ് നാലാം ക്ലാസുകാരി ആയിശ. ചെറിയ പ്രായത്തിൽ തന്നെ ഖുർആൻ മനഃപാഠമാക്കിയ സംസ്ഥാനത്തെ ചുരുക്കം കുട്ടികളിൽ ഒരാളായിരിക്കുകയാണ് ഇപ്പോൾ ആയിഷയും.

മൂന്നാം വയസ്സു മുതൽ പൂനൂർ ഇശാഅത്തിൽ സഹ്റത്തുൽ ഖുർആൻ പഠനത്തിന് ചേർന്നിരുന്നെങ്കിലും കോഴ്സിന്റെ ഭാഗമായി ഒരു ജുസുഅ് (ഭാഗം) മാത്രമാണ് ആയിഷ മനഃപാഠമാക്കിയിരുന്നത്. പിന്നീട് ഇശാഅത്ത് പബ്ലിക് സ്‌കൂളിലായിരുന്നു പഠനം. കോവിഡ് കാലത്ത് ഉമ്മ അസ്മയിൽനിന്ന് ഇമാം ശാഫിയെക്കുറിച്ച് കേട്ട ചരിത്ര ഭാഗങ്ങളാണ് പത്തുവയസ്സുകാരിയായ ആയിഷക്ക് പ്രചോദനമായത്. ഏഴാം വയസ്സിൽ ഇമാം ശാഫിഈക്ക് ഖുർആൻ മുഴുവൻ മനഃപാഠമാക്കാൻ കഴിഞ്ഞെങ്കിൽ തനിക്ക് എന്തുകൊണ്ട് സാധിക്കില്ല എന്നതായിരുന്നു ആയിശയുടെ ചോദ്യം.

ഖുർആൻ പാരായണശാസ്ത്രത്തിൽ അതീവ താൽപര്യമുള്ള ഉമ്മ അസ്മ വീട്ടിൽവെച്ച് നൂറോളം സ്ത്രീകൾക്ക് ക്ലാസെടുക്കുന്നുണ്ട്. ഇതും ആയിശയുടെ പഠനത്തെ സ്വാധീനിച്ചു. തുടർന്ന് പിതാവ് റഷീദ് സഖാഫിയുടെ കൂടി പിന്തുണയോടെ ഒന്നര വർഷത്തെ പ്രയത്നത്തിനൊടുവിലാണ് തജ്വീദ് (ഖുർആൻ പാരായണ ശാസ്ത്രം) പ്രകാരം ആയിശ ഇസ്സ ഖുർആൻ പൂർണമായും മനഃപാഠമാക്കിയത്. പിതാവ് റഷീദ് സഖാഫി കാരന്തൂർ മർകസ് അസിസ്റ്റന്റ് മാനേജറാണ്.

ഖുർആൻ മനഃപാഠമാക്കിയ ആയിശ ഇസ്സ ഖുർആനിലെ ഭാഗങ്ങൾ മുഴുവനായും വല്ല്യുപ്പയായ എ.പി അബൂബക്കർ മുസ്ലിയാരെ ഓതി കേൾപ്പിക്കുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിനി ഫാത്തിമ ഹബീബ, ഏഴാം ക്ലാസുകാരി നഫീസ സന എന്നിവർ ആയിഷയുടെ സഹോദരിമാരാണ്. സ്‌കൂൾപരീക്ഷകളിലും ആയിശക്ക് മികച്ച മാർക്കുണ്ട്. ഉജ്ജ്വല നേട്ടം കൈവരിച്ച ആയിശയെ ഇശാഅത്ത് പബ്ലിക് സ്‌കൂൾ മാനേജ്മെന്റ് കൗൺസിൽ അഭിനന്ദിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News